- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ക്ഷേത്രത്തിൽ മോഷ്ടിക്കാൻ കയറി; ക്ഷീണം കാരണം സംഭവിച്ചത് മറ്റൊന്ന്; കമ്മിറ്റി ഓഫീസിലിരുന്ന് സുഖമായി ഉറങ്ങി; വെള്ളറടയിൽ മോഷ്ടാവ് കുടുങ്ങിയത് ഇങ്ങനെ

വെള്ളറട: ക്ഷേത്രത്തിൽ മോഷണത്തിനെത്തിയ മോഷ്ടാവ് കമ്മിറ്റി ഓഫീസിലിരുന്ന് ഉറങ്ങിപ്പോയതിനെത്തുടർന്ന് പിടിയിലായി. കുടപ്പനമൂട് കോവില്ലൂർ കഴുകാൽവട്ടം ഭഗവതിക്ഷേത്രത്തിലാണ് സംഭവം. തമിഴ്‌നാട് ദിണ്ടിക്കൽ സ്വദേശി സെന്തിലിനെ (45) ശനിയാഴ്ച രാവിലെ വെള്ളറട പോലീസ് അറസ്റ്റ് ചെയ്തു.
വെള്ളിയാഴ്ച അർധരാത്രിയോടെയാണ് സെന്തിൽ ക്ഷേത്രവളപ്പിലെത്തിയത്. ചുറ്റമ്പലത്തിന്റെ വാതിൽപൂട്ട് പൊളിച്ച് അകത്തുകയറി മോഷണം നടത്താനായിരുന്നു ആദ്യ ശ്രമം. എന്നാൽ പൂട്ട് തകർക്കാൻ കഴിയാതെ വന്നതോടെ ലക്ഷ്യം മാറി. തൊട്ടുമുന്നിലുള്ള ക്ഷേത്ര കമ്മിറ്റി ഓഫീസിന്റെ പൂട്ട് തകർത്ത് ഇയാൾ അകത്തുകയറി. ഇതിനിടെ ക്ഷീണം കാരണം സെന്തിൽ ഉറങ്ങിപോവുകയായിരുന്നു.
ശനിയാഴ്ച രാവിലെ ക്ഷേത്രപൂജാരി എത്തിയപ്പോഴാണ് കമ്മിറ്റി ഓഫീസിന്റെ വാതിൽ തുറന്നുകിടക്കുന്നത് ശ്രദ്ധയിൽപ്പെട്ടത്. സംശയം തോന്നി പരിശോധിച്ചപ്പോൾ അകത്ത് ഒരാൾ സുഖമായി ഉറങ്ങുന്നതു കണ്ടു. ഉടൻതന്നെ ക്ഷേത്ര ഭാരവാഹികളെ വിവരം അറിയിച്ചു. നാട്ടുകാരും ഭാരവാഹികളും ചേർന്ന് തടഞ്ഞുവെച്ച ശേഷം വെള്ളറട പോലീസിനെ വിവരമറിയിക്കുകയായിരുന്നു.
ക്ഷേത്രത്തിൽ നിന്ന് പണമോ മറ്റ് സാധനങ്ങളോ നഷ്ടപ്പെട്ടിട്ടില്ലെന്ന് ഭാരവാഹികൾ വ്യക്തമാക്കി. പിടിയിലായ സെന്തിലിന് സംസ്ഥാനത്തെ വിവിധ ഇടങ്ങളിൽ കാണിക്കവഞ്ചി കവർച്ച ഉൾപ്പെടെ ഒട്ടേറെ മോഷണക്കേസുകളിൽ പ്രതിയാണ് ഇയാളെന്ന് പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്.


