മലപ്പുറം: പൊന്നാനിയിലെ മത്സ്യത്തൊഴിലാളികളുടെ വലകൾ മോഷ്ടിച്ച് വിൽപ്പന നടത്തിയ കേസിൽ 24 കാരൻ പിടിയിൽ. പൊന്നാനി കോടതിപടി കുട്ടൂസാക്കാനകത്ത് സഫീൽ ആണ് അറസ്റ്റിലായത്. പൊന്നാനി ഹാർബർ, കോടതിപടി ഭാഗങ്ങളിൽ നിന്നാണ് ഇയാൾ മത്സ്യബന്ധന ഉപകരണങ്ങൾ മോഷ്ടിച്ചിരുന്നത്. രാത്രികാലങ്ങളിൽ മോഷ്ടിച്ച ഉപകരണങ്ങൾ ഇയാൾ വിൽപന നടത്തിയിരുന്നതായും അന്വേഷണത്തിൽ തെളിഞ്ഞിട്ടുണ്ട്. പൊന്നാനി പോലീസാണ് പ്രതിയെ പിടികൂടിയത്.

കോടതിപടിയിലെ കടയിൽനിന്ന് പല തവണകളായി ഏകദേശം 40,000 രൂപ വിലവരുന്ന 15 കെട്ടോളം വലകളാണ് സഫീൽ മോഷ്ടിച്ച് വിറ്റത്. തവനൂർ സ്വദേശി ഷംനാദിന്റെ കടയിൽ നിന്നായിരുന്നു മോഷണം. ഹാർബർ കേന്ദ്രീകരിച്ച് ചില്ലറ മോഷണങ്ങൾ നടത്തിയതായി പ്രതിയെ ചോദ്യം ചെയ്തതിൽനിന്ന് പോലീസിന് വിവരം ലഭിച്ചു.

പൊന്നാനി പോലീസ് ഇൻസ്‌പെക്ടർ ജലീൽ കറുത്തേടത്തിന്റെ നേതൃത്വത്തിൽ എസ്.ഐ ആർ.യു. അരുൺ, എ.എസ്.ഐ. മധുസൂദനൻ, സീനിയർ സിവിൽ പൊലീസ് ഓഫിസർമാരായ നാസർ, എസ്. പ്രശാന്ത് കുമാർ, ഗഫൂർ, സി.പി.ഒമാരായ പ്രഭാത്, സബിത പി. ഔസേപ്പ് എന്നിവരടങ്ങിയ അന്വേഷണ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പൊന്നാനി കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.