മലപ്പുറം: കരുളായി പള്ളിക്കുന്നിൽ വീട്ടിൽ അതിക്രമിച്ചുകയറിയ മോഷ്ടാവ് ഉറങ്ങിക്കിടന്ന യുവതിയുടെ മൂന്നര പവനോളം വരുന്ന സ്വർണമാല കവർന്നു. തിങ്കളാഴ്ച പുലർച്ചെ മൂന്നോടെ പാറക്കൽ അഷ്‌റഫിന്റെ വീട്ടിലാണ് സംഭവം. മോഷണത്തിന്റെ ദൃശ്യങ്ങൾ വീട്ടിലെ സിസിടിവി ക്യാമറയിൽ പതിഞ്ഞിട്ടുണ്ട്. അഷ്‌റഫിന്റെ മകൾ ഡോ. ഷംനയുടെ മാലയാണ് കവർന്നത്. പ്രദേശത്ത് മോഷണ ശല്യം വർധിക്കുന്ന സാഹചര്യത്തിൽ, പ്രതിയെ എത്രയും പെട്ടെന്ന് പിടികൂടണമെന്ന ആവശ്യം ശക്തമാവുകയാണ്.

സമീപത്തെ വീട്ടിൽനിന്ന് ഏണി എത്തിച്ച് വീടിന്റെ മുകൾനിലയിൽ കയറിയാണ് മോഷ്ടാവ് അകത്തുകടന്നത്. തുടർന്ന്, മുകളിലെ നിലയിലെ പുറത്തേക്കുള്ള വാതിൽ തുറന്ന് വീടിനുള്ളിൽ പ്രവേശിക്കുകയായിരുന്നു. മുകൾനിലയിലെ മുറികളിലെല്ലാം കയറിയ മോഷ്ടാവ് അലമാരകൾ കുത്തിത്തുറന്ന് സാധനങ്ങൾ വാരിവലിച്ചിട്ടു. പിന്നീട് ഡോ. ഷംന ഉറങ്ങുന്ന മുറിയിലെത്തി മാല പൊട്ടിച്ചെടുക്കുകയായിരുന്നു.

മാല പൊട്ടിക്കുന്നതിനിടെ ഷംന ഉണർന്ന് ബഹളം വെച്ചെങ്കിലും, മോഷ്ടാവ് തുറന്നിട്ടിരുന്ന വാതിലിലൂടെ രക്ഷപ്പെട്ടു. വിവരമറിഞ്ഞയുടൻ പൂക്കോട്ടുംപാടം പോലീസ് സ്ഥലത്തെത്തി പ്രാഥമിക പരിശോധനകൾ നടത്തി. കഴിഞ്ഞ ഒരു മാസത്തിനിടെ കൂറ്റമ്പാറ, വലമ്പുറം മേഖലകളിലും സമാനമായ മോഷണശ്രമങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഈ സംഭവങ്ങളുമായി പുതിയ മോഷണത്തിന് ബന്ധമുണ്ടോയെന്നും പോലീസ് വിശദമായി പരിശോധിച്ചുവരികയാണ്.