വടകര: ബൈക്ക് യാത്രികനായ മധ്യവയസ്‌കനെ ആക്രമിച്ച് ഒമ്പത് ലക്ഷം രൂപ കവർന്ന കേസിൽ അന്വേഷണം ആരംഭിച്ച് എടച്ചേരി പോലീസ്. കോഴിക്കോട് വടകര എടച്ചേരി വില്യാപ്പള്ളി-തലശ്ശേരി സംസ്ഥാന പാതയിലെ ഇരിങ്ങണ്ണൂരിൽ വെച്ചാണ് സംഭവം. കൊയിലോത്ത് താഴക്കുനി വീട്ടിൽ ഇബ്രാഹിം (58) ആണ് കവർച്ചക്കിരയായത്.

എടച്ചേരിയിൽ നിന്ന് ഇരിങ്ങണ്ണൂർ ഭാഗത്തേക്ക് പോകുകയായിരുന്ന ഇബ്രാഹിമിന്റെ ബൈക്കിന് പിറകിലായി വന്ന നീല നിറത്തിലുള്ള കാർ ആദ്യം മറികടന്ന് തടസ്സമുണ്ടാക്കുകയായിരുന്നു. പിന്നാലെ കാറിലുണ്ടായിരുന്ന, മാസ്‌ക് ധരിച്ച് മുഖം മറച്ച നാലുപേർ ഇബ്രാഹിമിനെ ആക്രമിച്ച് പണം തട്ടിയെടുക്കുകയായിരുന്നെന്ന് പരാതിയിൽ പറയുന്നു. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെ പരിശോധിക്കുമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.