പെരുവയല്‍: കോഴിക്കോട് പെരുവയലില്‍ വീട് കുത്തിത്തുറന്ന് മോഷണം. ചെറുകുളത്തൂരിലെ നിര്‍മ്മല അന്തര്‍ജ്ജനത്തിന്റെ വീട്ടിലാണ് മോഷണം നടന്നത്. വീട് കുത്തിത്തുറന്ന് അകത്ത് കയറിയ മോഷ്ടാവ് 30 പവന്‍ സ്വര്‍ണവും 70,000 രൂപയും കവര്‍ന്നു.വീട്ടല്‍ നിര്‍മ്മല അന്തര്‍ജനം മാത്രമാണുള്ളത്. രാത്രിയില്‍ ഇവര്‍ തൊട്ടടുത്തുള്ള ബന്ധു വീട്ടിലാണ് ഉറങ്ങുന്നത്. ഈ സമയത്താണ് ഇവിടെ കള്ളന്‍ കയറിയത്.

നിര്‍മ്മല രാവിലെ വീട്ടിലേക്ക് തിരിച്ചെത്തിയോപ്പോഴാണ് മോഷണ വിവരം അറിയുന്നത്. മുപ്പത് പവന്‍ സ്വര്‍ണ്ണവും, എഴുപതിനായിരം രൂപയും, കൂടാതെ വീട്ടിലുണ്ടായിരുന്ന വെള്ളി ആഭരണങ്ങളുമാണ് നഷ്ടമായത്. വീടിന് മുന്‍ വശത്തെ വാതില്‍ കര്‍ത്താണ് കള്ളന്‍ അകത്ത് കയറിയത്. അലമാര കുത്തിതുറന്നാണ് സ്വര്‍ണ്ണവും പണവും കവര്‍ന്നതെന്ന് ബന്ധു പറഞ്ഞു.

വിവരമറിഞ്ഞ് മാവൂര്‍ പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. വിരലടയാള വിദഗ്ധരും ഡോഗ് സ്‌ക്വാഡും സ്ഥലത്തെത്തി തെളിവുകള്‍ ശേഖരിച്ചു. വീടിന്റെ വരാന്തയില്‍ മോഷ്ടാവ് ഉപയോഗിച്ചതെന്ന് കരുതുന്ന തുണികളും ബീഡി കുറ്റികളും മറ്റ് ലഹരിവസ്തുക്കളുടെ കവറുകളും കണ്ടെത്തി. രാത്രിയായാല്‍ വീട്ടില്‍ ആളില്ലെന്നറിയാവുന്ന ആളാണ് മോഷണത്തിന് പിന്നിലെന്നാണ് സൂചന. നേരത്തെയും ഇതേ വീട്ടില്‍ മോഷണ ശ്രമം നടന്നിട്ടുണ്ട്.