മലപ്പുറം: പാണ്ടിക്കാട് കുറ്റിപ്പുളിയിൽ പട്ടാപ്പകൽ വീടുകയറി ആക്രമണം നടത്തിയ സംഘത്തെ നാട്ടുകാർ പിടികൂടിയത് സാഹസികമായി. പ്രതികളെ നാട്ടുകാർ പോലീസിൽ ഏൽപ്പിച്ചു. തിങ്കളാഴ്ച ഉച്ചയ്ക്ക് രണ്ടോടെ ചക്കാലക്കുന്നൻ അബ്ദുവിന്റെ വീട്ടിലാണ് പർദ്ദയണിഞ്ഞെത്തിയ അഞ്ചംഗ സംഘം അതിക്രമിച്ചുകയറിയത്.

വീടിന്റെ പിൻവശത്തുകൂടിയെത്തിയ അക്രമിസംഘം കാറിലാണ് വന്നത്. കത്തി കാട്ടി വീട്ടുടമയായ അബ്ദുവിനോട് പണവും സ്വർണവും ആവശ്യപ്പെടുകയായിരുന്നു. ഇതിനെ എതിർക്കാൻ ശ്രമിച്ച അബ്ദുവിനെ സംഘം അടിച്ചു വീഴ്ത്തി. അബ്ദുവിന്റെ മക്കളായ ഫൗസിയ, സാബിറ, പേരമക്കളായ ഷാമിൽ, സൻവ എന്നിവരെയും അക്രമികൾ മർദ്ദിച്ചു.

വീട്ടിൽനിന്ന് ബഹളം കേട്ട് സമീപവാസികൾ ഓടിയെത്തിയതോടെ അക്രമിസംഘത്തിലെ നാലുപേർ സംഭവസ്ഥലത്തുനിന്ന് രക്ഷപ്പെട്ടു. എന്നാൽ, ഒരാളെ നാട്ടുകാർ വളഞ്ഞ് പിടികൂടുകയായിരുന്നു. പിടികൂടിയയാളെ പിന്നീട് പാണ്ടിക്കാട് പോലീസിന് കൈമാറി.