പാലക്കാട്: ഒറ്റപ്പാലം ലക്കിടിയിൽ വീട്ടിൽ നിന്നും സ്വർണവും പണവും കവർന്ന സംഭവത്തിൽ അന്വേഷണം ആരംഭിച്ച് പോലീസ്. ലക്കിടി രഞ്ജുകൃഷ്ണയിൽ രാധാകൃഷ്ണൻ്റെ വീടിന്റെ വാതിൽ കുത്തിത്തുറന്നാണ് മോഷ്ടാക്കൾ അകത്ത് കയറി മൂന്നര പവൻ തൂക്കം വരുന്ന സ്വർണ്ണാഭരണങ്ങളും 1500 രൂപയും കവർന്നത്.

കഴിഞ്ഞ വ്യാഴാഴ്ച രാധാകൃഷ്ണനും കുടുംബവും വീട് പൂട്ടി ബെംഗളൂരുവിലേക്ക് പോയതായിരുന്നു. ഇന്ന് രാവിലെ വീട്ടിലെത്തിയ വീട്ടുജോലിക്കാരിയാണ് വാതിൽ കുത്തിത്തുറന്ന നിലയിൽ കണ്ടത്. തുടർന്ന് ഉടൻ തന്നെ വിവരമറിയിക്കുകയായിരുന്നു. കുടുംബം വൈകുന്നേരത്തോടെ തിരിച്ചെത്തി പരിശോധന നടത്തിയപ്പോഴാണ് മോഷണം നടന്നതായി സ്ഥിരീകരിച്ചത്.

അലമാരയിൽ സൂക്ഷിച്ചിരുന്ന രണ്ടേകാൽ പവൻ്റെ മാലയും ഒന്നേകാൽ പവൻ്റെ വളയുമാണ് കവർന്നവയിൽ ഉൾപ്പെടുന്നത്. മോഷണത്തിന് ഉപയോഗിച്ചുവെന്ന് കരുതുന്ന കൊടുവാൾ മുറിക്കുള്ളിൽ നിന്ന് പോലീസ് കണ്ടെടുത്തു. വീട്ടിലെ നിരീക്ഷണ ക്യാമറകളും തകർക്കപ്പെട്ട നിലയിലാണ്. ക്യാമറകളുടെ ഹാർഡ് ഡിസ്കും മോഷണം പോയി. സംഭവത്തിൽ ഒറ്റപ്പാലം പോലീസ് അന്വേഷണം ആരംഭിച്ചു. പോലീസ് സമീപവാസികളിൽ നിന്നും മൊഴിയെടുക്കുന്നുണ്ട്.