കൊല്ലം: കേന്ദ്ര മന്ത്രിയും നടനുമായ സുരേഷ് ഗോപിയുടെ കുടുംബവീട്ടില്‍ മോഷണം. മാടന്‍ നടയിലെ വീട്ടിലാണ് മോഷണം നടന്നത്. ഇന്നലെയായലരുന്നു സംഭവം. പോലീസ് അന്വേഷണത്തില്‍ രണ്ട് പേര്‍ പിടിയിലായതാണ് സൂചന.

വൈകിട്ട് സുരേഷ് ഗോപിയുടെ സഹോദരപുത്രനും കുടുംബവും വീട്ടില്‍ എത്തിയപ്പോഴാണു മോഷണം നടന്ന വിവരം അറിയുന്നത്. ഇവര്‍ വീട്ടില്‍ എത്തിയപ്പോള്‍ രണ്ടുപേര്‍ മതില്‍ ചാടി കടന്നുപോകുന്നത് കണ്ടു. പിന്നീട് നടത്തിയ പരിശോധനയില്‍ വീടിനു സമീപത്തെ ഷെഡില്‍ സൂക്ഷിച്ചിരുന്ന പഴയ പാത്രങ്ങളും ഇരുമ്പ് സാധനങ്ങളും മോഷണം പോയതായി കണ്ടെത്തി.

തുടര്‍ന്ന് ഇദ്ദേഹം ഇരവിപുരം പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. കഴിഞ്ഞ കുറച്ചുദിവസങ്ങളായി വീട് പൂട്ടിക്കിടക്കുകയായിരുന്നു. ഇരവിപുരം പൊലീസ് സ്ഥലത്തെത്തി. സമീപത്തെ സിസിടിവി ക്യാമറകളും മറ്റും പരിശോധിച്ചു 2 പേരെ കസ്റ്റഡിയില്‍ എടുത്തിട്ടുണ്ടെന്നാണ് സൂചന. ഇവര്‍ സ്ഥിരം മോഷ്ടാക്കളാണെന്ന് പറയുന്നു. പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.