താമരശ്ശേരി: താമരശ്ശേരിയിൽ കടകളിൽ കയറിയ മോഷ്ടാവ് പണം ലഭിക്കാത്തതിനെത്തുടർന്ന് 30 മാങ്ങകളും സിഗരറ്റുകളുമായി കടന്നു. താമരശ്ശേരി ചുങ്കത്തെ കെ.ജി. സ്റ്റോർ, മാത ഹോട്ടൽ എന്നിവിടങ്ങളിലാണ് മോഷണം നടന്നത്. കടയുടമകൾ താമരശ്ശേരി പോലീസിൽ പരാതി നൽകിയിട്ടുണ്ട്.

കെ.ജി. സ്റ്റോറിൽ ഇത് നാലാം തവണയാണ് മോഷണം നടക്കുന്നത്. മോഷണം പതിവായതിനാൽ ഉടമ കടയിൽ പണം സൂക്ഷിക്കാറില്ല. മോഷ്ടാവ് കടയിലെ സാധനങ്ങൾ വലിച്ചുവാരിയിട്ട് 30 മാങ്ങകളും 10 പാക്കറ്റ് സിഗരറ്റുകളും കൈക്കലാക്കി. പാലക്കാട്ടുനിന്ന് ഒരു സുഹൃത്തിനു നൽകാനായി കൊണ്ടുവന്ന മാങ്ങകളാണ് മോഷ്ടിക്കപ്പെട്ടത്.

താമരശ്ശേരി അമ്പായത്തോട് സ്വദേശി കൃഷ്ണൻകുട്ടിയുടെ ഉടമസ്ഥതയിലുള്ള മാത ഹോട്ടലിൽ ഇത് മൂന്നാം തവണയാണ് മോഷണം നടക്കുന്നത്. ഹോട്ടലിലെ മേശയിൽ തുച്ഛമായ തുക മാത്രമേ ഉണ്ടായിരുന്നുള്ളൂ. കൊടുവാളും ടോർച്ചും കൈവശമുണ്ടായിരുന്ന മോഷ്ടാവ് മുഖം മറച്ചും ഗ്ലൗസ് ധരിച്ചുമാണ് എത്തിയത്.