- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തെറ്റിയാര്‍ തോട് നിറഞ്ഞു കവിഞ്ഞാലും ഇനി ടെക്നോപാര്‍ക്കിന് പ്രശ്നമില്ല; തോടിലെ ജലനിരപ്പ് തിരിച്ചറിഞ്ഞ് ദുരന്ത നിവാരണ തയ്യാറെടുപ്പ് നടത്തുന്നതിനും വെള്ളപ്പൊക്ക സാധ്യതകള്‍ ലഘൂകരിക്കുന്നതിനും സംവിധാനം; ഐഒടി അധിഷ്ഠിത വെള്ളപ്പൊക്ക നിരീക്ഷണ സംവിധാനവുമായി ടെക്‌നോപാര്‍ക്ക്
തിരുവനന്തപുരം: ടെക്‌നോപാര്‍ക്ക് പരിസരത്തെ തെറ്റിയാര്‍ തോടിലെ ജലനിരപ്പ് തിരിച്ചറിഞ്ഞ് ദുരന്ത നിവാരണ തയ്യാറെടുപ്പ് നടത്തുന്നതിനും വെള്ളപ്പൊക്ക സാധ്യതകള്‍ ലഘൂകരിക്കുന്നതിനുമായി ടെക്‌നോപാര്‍ക്ക് കാമ്പസില്‍ ഐഒടി (ഇന്റര്‍നെറ്റ് ഓഫ് തിംഗ്‌സ്) അധിഷ്ഠിത വെള്ളപ്പൊക്ക നിരീക്ഷണ സംവിധാനവും ഓട്ടോമേറ്റഡ് വെതര്‍ സ്റ്റേഷനും ആരംഭിച്ചു. ഇന്റര്‍നാഷണല്‍ സെന്റര്‍ ഫോര്‍ ഫ്രീ ആന്‍ഡ് ഓപ്പണ്‍ സോഴ്‌സ് സൊല്യൂഷന്‍സുമായി (ഐസിഎഫ്ഒഎസ്എസ്) സഹകരിച്ചാണ് ഈ നൂതന സംവിധാനം സ്ഥാപിച്ചത്.
2023 ല്‍ ടെക്‌നോപാര്‍ക്കിന്റെ പ്രവര്‍ത്തനങ്ങളെ ബാധിച്ച് കഴക്കൂട്ടം പരിസരത്ത് ഉള്‍പ്പെടെ ഉണ്ടായ കനത്ത മഴയുടെയും വെള്ളപ്പൊക്കത്തിന്റെയും പശ്ചാത്തലത്തിലാണ് പുതിയ സംവിധാനം സ്ഥാപിക്കുന്നത്. ഈ സംവിധാനം വഴി മഴ, അന്തരീക്ഷ സാഹചര്യങ്ങള്‍, ജലനിരപ്പ് എന്നിവ നിരീക്ഷിക്കുന്നതിനായി റഡാര്‍ അധിഷ്ഠിത സെന്‍സറുകള്‍, ഓട്ടോമേറ്റഡ് റെയിന്‍ ഗേജുകള്‍, ഓട്ടോമേറ്റഡ് വെതര്‍ സ്റ്റേഷന്‍ എന്നിവ സംയോജിപ്പിക്കുന്നു. തെറ്റിയാറില്‍ സ്ഥാപിച്ചിരിക്കുന്ന ഈ സെന്‍സറുകള്‍ ആശയവിനിമയത്തിലൂടെ തത്സമയ ഡാറ്റ നല്‍കുന്നു. കേന്ദ്രീകൃത ഡാഷ് ബോര്‍ഡ് വഴി തുടര്‍ച്ചയായ നിരീക്ഷണവും സാധ്യമാക്കും. വെള്ളപ്പൊക്ക പരിധി ആകുമ്പോള്‍ ഓട്ടോമേറ്റഡ് അലര്‍ട്ട് സംവിധാനം എസ്എംഎസ്, ഇമെയില്‍ അറിയിപ്പുകള്‍ നല്‍കും. ഇത് സമയബന്ധിതമായ പ്രതിരോധ നടപടികള്‍ ഉറപ്പാക്കുന്നു.
ജലനിരപ്പും സമുദ്ര നിരപ്പും താരതമ്യം ചെയ്യുന്നതിനും മുന്നറിയിപ്പ് നല്‍കുന്നതിനുമായി വേളി കായലിലും സെന്‍സറുകള്‍ സ്ഥാപിച്ചിട്ടുണ്ട്. വെള്ളപ്പൊക്ക പ്രവചന സംവിധാനം മെച്ചപ്പെടുത്താന്‍ എഐ, മെഷീന്‍ ലേണിംഗ് സാങ്കേതിക വിദ്യകള്‍ സംയോജിപ്പിക്കാനും ടെക്‌നോപാര്‍ക്ക് പദ്ധതിയിടുന്നുണ്ട്. ടെക്‌നോപാര്‍ക്ക് സിഇഒ കേണല്‍ സഞ്ജീവ് നായര്‍ (റിട്ട.), ഐസിഎഫ്ഒഎസ്എസ് ഡയറക്ടര്‍ ഡോ. സുനില്‍ ടി.ടി, ടെക്‌നോപാര്‍ക്ക് ജനറല്‍ മാനേജര്‍ (പ്രോജക്ട്‌സ്) മാധവന്‍ പ്രവീണ്‍, ടെക്‌നോപാര്‍ക്ക് മാനേജര്‍ (എംഇപി) അഭിലാഷ് എം.ആര്‍, ഐസിഎഫ്ഒഎസ്എസ് പ്രോഗ്രാം ഹെഡ് ശ്രീനിവാസന്‍ ആര്‍, ടെക്‌നോപാര്‍ക്കിലെയും ഐസിഎഫ്ഒഎസ്എസിലെയും മറ്റ് ഉദ്യോഗസ്ഥര്‍ എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.