കാസര്‍കോട്: കുമ്പളയില്‍ അഭിഭാഷകയുടെ വീട്ടിലെ കവര്‍ച്ചയില്‍ കുപ്രസിദ്ധ മോഷ്ടാവ് പിടിയില്‍.ഇയാള്‍ 25 കേസുകളില്‍ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു. നായ്ക്കാപ്പ് സ്വദേശി അഡ്വ. ചൈത്രയുടെ വീട്ടില്‍ നിന്ന് 29 പവന്‍ സ്വര്‍ണവും വെള്ളിയാഭരണങ്ങളുമാണ് കവര്‍ന്നത്. ജനുവരി18ന് ചൈത്രയും കുടുംബവും ക്ഷേത്ര ഉത്സവത്തിന് പോയപ്പോഴാണ് സംഭവം.

കര്‍ണാടക സ്വദേശി കലന്തര്‍ ഇബ്രാഹിമാണ് പിടിയിലായത്. കര്‍ണാടകയില്‍ നിന്നാണ് മഞ്ചേശ്വരം പൊലീസ് ഇയാളെ പിടികൂടിയത്. നെക്ലേസ്, വളകള്‍, മോതിരങ്ങള്‍, ബ്രേസ്ലെറ്റ്, വലിയ മാല, കമ്മല്‍, കുട്ടികളുടെ മാല, കുട്ടികളുടെ സ്വര്‍ണവള, കല്ലുവച്ച മാല തുടങ്ങിയ സ്വര്‍ണാഭരണങ്ങളാണ് നഷ്ടപ്പെട്ടത്.

വീടിന്റെ പിന്‍ഭാഗത്തെ വാതില്‍ തകര്‍ത്ത് അകത്ത് കടന്ന മോഷ്ടാവ് അലമാരകളില്‍ സൂക്ഷിച്ചിരുന്ന 29 പവന്‍ സ്വര്‍ണം, കാല്‍ലക്ഷം രൂപ വിലവരുന്ന വെള്ളി ആഭരണങ്ങള്‍, 5000 രൂപ എന്നിവ കൈക്കലാക്കിയാണ് രക്ഷപ്പെട്ടത്. ഡിസംബറിലാണ് വിവാഹ നിശ്ചയം കഴിഞ്ഞത്. മൊത്തം 31,67,000 രൂപയുടെ നഷ്ടം ഉണ്ടായതായി കണക്കാക്കിയിരുന്നു.