തൃശൂർ: ഹോട്ടലുകളിൽ നിന്നും സംഭാവനപ്പെട്ടികൾ മോഷ്ടിച്ചയാൾ അറസ്റ്റിൽ. തൃശൂർ ചാഴൂർ സ്വദേശി തേക്കിനിയേടത്ത് സന്തോഷ് കുമാർ ആണ് പിടിയിലായത്. ഭക്ഷണം കഴിച്ച ശേഷം പണം നൽകുമ്പോൾ കൗണ്ടറിലിരിക്കുന്നവരെ കബളിപ്പിച്ച് സംഭാവനപ്പെട്ടി മോഷ്ടിക്കുന്നതായിരുന്നു ഇയാളുടെ രീതി. ഫറോക്ക് അസിസ്റ്റന്റ് കമ്മീഷണറുടെ സ്ക്വാഡും നല്ലളം പോലീസും ചേർന്നാണ് ഇയാളെ പിടികൂടിയത്. തൃശൂർ റെയിൽവേ സ്റ്റേഷനിൽ നിന്നുമാണ് ഇയാളെ അറസ്റ്റ് ചെയ്തത്.

അരീക്കാട്ടെ ഹോട്ട് ബേക്ക് ഹോട്ടലിൽ നിന്നും സംഭാവനപ്പെട്ടി മോഷ്ടിച്ച കേസിലാണ് പ്രതി പിടിയിലായത്. കഴിഞ്ഞ മാസം 23ന് രാവിലെയാണ് സംഭവം നടന്നത്. ഹോട്ടലിൽ ചായ കുടിച്ചതിന് ശേഷം കൗണ്ടറിൽ പണം നൽകാൻ എത്തിയ സന്തോഷ്, ചില്ലറ പണമായി നൽകി കൗണ്ടറിലിരുന്നയാളെ കബളിപ്പിച്ച് അവിടെയുണ്ടായിരുന്ന ദയ ചാരിറ്റബിൾ ട്രസ്റ്റിന്റെ സംഭാവനപ്പെട്ടി അടിച്ചുമാറ്റുകയായിരുന്നു.

കൂടുതൽ ചോദ്യം ചെയ്തപ്പോൾ ഇയാൾ വിവിധ ജില്ലകളിൽ സമാനരീതിയിലുള്ള കുറ്റകൃത്യങ്ങൾ ചെയ്തതായി സമ്മതിച്ചു. കഴിഞ്ഞ മാസം പന്തീരാങ്കാവ് പോലീസ് സ്റ്റേഷൻ പരിധിയിലെ പുത്തൂർമഠത്തുള്ള ബിന്ദു ഹോട്ടലിലും സമാന രീതിയിൽ മോഷണം നടന്നിരുന്നതായി പോലീസ് കണ്ടെത്തി. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.