കോട്ടയം: കോട്ടയം മെഡിക്കല്‍ കോളജിലെ അപകടത്തെ നിസാരവല്‍ക്കരിച്ചെന്നും, തിരച്ചില്‍ വൈകിപ്പിച്ചെന്നും കോണ്‍ഗ്രസ് നേതാവ് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ആരോപിച്ചു. തിരച്ചില്‍ നടത്താന്‍ രണ്ടുമണിക്കൂര്‍ വൈകി. അപകടത്തില്‍ മരിച്ച ബിന്ദുവിന്റെ മൃതദേഹം മണ്ണിനടിയില്‍ കിടക്കുമ്പോള്‍ ഒന്നും സംഭവിച്ചിട്ടില്ലെന്നാണ് ആരോഗ്യമന്ത്രി വീണ ജോര്‍ജ് പറഞ്ഞതെന്നും തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ആരോപിച്ചു. ആ സമയത്ത് മന്ത്രിയും എംഎല്‍എയും സ്ഥലത്തുണ്ടായിട്ടും തിരച്ചില്‍ വൈകിപ്പിച്ചു.

'ഒരു മൃതദേഹം മണ്ണിന് അടിയില്‍ കിടക്കുമ്പോള്‍ ഒന്നും സംഭവിച്ചിട്ടില്ലെന്നാണ് ചിലര്‍ പറഞ്ഞത്. വളരെ ഉത്തരവാദിത്തപ്പെട്ട ആളുകളാണ് അങ്ങനെ മറുപടി പറഞ്ഞത്. തിരച്ചില്‍ നടത്താന്‍ രണ്ടു മണിക്കൂര്‍ വൈകി. ഒന്നും സംഭവിച്ചിട്ടില്ല, ആരെയും അവിടെ അഡ്മിറ്റ് ചെയ്തിട്ടില്ല എന്നൊക്കെ പറഞ്ഞ് തെരച്ചില്‍ വൈകിപ്പിച്ചു. ആരോഗ്യ വകുപ്പ് മന്ത്രി പറയുന്നു ഇവിടെ ഒന്നും സംഭവിച്ചിട്ടില്ലെന്ന്. അവര്‍ അങ്ങനെ പറയുന്ന സമയത്ത് ഒരു പാവപ്പെട്ട സ്ത്രീ മണ്ണിനകത്ത് മരിച്ച് കിടക്കുകയാണ്. ഒരു എംഎല്‍എയും മന്ത്രിയും ആ സമയത്ത് സ്ഥലത്തുണ്ടായിരുന്നു. അവര്‍ എന്തിന് ഇങ്ങനെ ഒരു പച്ചക്കള്ളം പറഞ്ഞു.

ഒരു പാവപ്പെട്ട സ്ത്രീ മണ്ണിനകത്ത് ശ്വാസം മുട്ടി മരിച്ചു കിടക്കുന്ന സമയത്ത് ഒന്നും സംഭവിച്ചിട്ടില്ലെന്ന തരത്തില്‍ ഇതിനെ നിസാരവല്‍ക്കരിച്ചത് എന്തുകൊണ്ട്. ബോധപൂര്‍വമായി സത്യത്തെ മറച്ചുവെച്ച് കള്ളം പറഞ്ഞു. തിരച്ചില്‍ എന്തുകൊണ്ട് വൈകിപ്പിച്ചു എന്നതിനെക്കുറിച്ച് മന്ത്രി മറുപടി പറഞ്ഞേ മതിയാകൂ,'' അദ്ദേഹം പറഞ്ഞു.

കോട്ടയം മെഡിക്കല്‍ കോളജില്‍ നടക്കുന്നത് കെട്ടിടം പണിയുക പൊളിക്കുക വീണ്ടും പണിയുക എന്ന നടപടികളാണെന്ന് അദ്ദേഹം ആരോപിച്ചു. എന്നെങ്കിലും ഇതിന് ഒരു അവസാനം ഉണ്ടാകുമോ. പല തവണ താന്‍ മെഡിക്കല്‍ കോളജിന്റെ പ്രശ്നങ്ങള്‍ ഉന്നയിച്ചതാണെന്നും സ്വകാര്യ സ്ഥാപനങ്ങള്‍ കൊണ്ടുപോകുന്നത് പോലെ ചില വ്യക്തികള്‍ താല്‍പര്യങ്ങള്‍ക്കുവേണ്ടി വഴിതിരിച്ചുകൊണ്ടുപോവുകയാണെന്നും തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞു.