തിരുവനന്തപുരം: നടന്‍ ജയസൂര്യയ്ക്ക് എതിരെ പീഡനക്കേസ് എടുത്തതിന് പിന്നാലെ തനിക്ക് ഭീഷണി സന്ദേശം വന്നതായി പരാതിക്കാരിയായ നടി. ഫേസ്ബുക്കില്‍ തനിക്ക് കിട്ടിയ സന്ദേശം അവര്‍ പങ്കുവച്ചു. നിഥിന്‍ സൂര്യ എന്ന അക്കൗണ്ടില്‍ നിന്നാണ് ഭീഷണി സന്ദേശം വന്നത്. ജയസൂര്യയുടെ ഫോട്ടോയാണ് ഈ അക്കൗണ്ടില്‍ പ്രൊഫൈല്‍ ചിത്രമായി ഉപയോഗിച്ചിരിക്കുന്ന്.

'ഡീ കോപ്പേ വല്ല കള്ളക്കേസും ആണെങ്കില്‍ പിന്നെ ഉള്ളത് ഞങ്ങള്‍ തീരുമാനിക്കും. ഞങ്ങള്‍ക്ക് ജയേട്ടനാണ് വലുത്', 'നിന്റെ ഫുള്‍ ഡീറ്റെയില്‍സ് നമുക്ക് അറിയാം, അതൊക്കെ ന്യൂസ് ചാനല്‍ വഴി പുറത്തേക്ക് വിടും'- എന്നൊക്കെയാണ് ഈ അക്കൗണ്ടില്‍ നിന്ന് നടിക്ക് വന്ന സന്ദേശങ്ങള്‍.

നടിയുടെ പരാതിയില്‍ ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് ജയസൂര്യയ്ക്ക് എതിരെ കേസെടുത്തത്. സെക്രട്ടറിയേറ്റിലെ സിനിമ ചിത്രീകരണത്തിനിടെ ശുചിമുറിയുടെ സമീപത്ത് വച്ച് കടന്നുപിടിച്ച് ലൈംഗികമായി അതിക്രമം നടത്തിയെന്നാണ് നടിയുടെ പരാതി. ലൈംഗികാതിക്രമം, സ്ത്രീത്വത്തെ അപമാനിക്കല്‍ തുടങ്ങിയ വകുപ്പുകളാണ് ജയസൂര്യയ്ക്കെതിരെ ചുമത്തിയിരിക്കുന്നത്. നടിയുടെ മൊഴി ഇന്നലെ പ്രത്യേക അന്വേഷണ സംഘം രേഖപ്പെടുത്തിയിരുന്നു.

നടിയുടെ വീട്ടിലെത്തിയാണ് ഡിഐജി അജിതാ ബീഗവും ജി പൂങ്കുഴലിയുമടക്കമുള്ളവരുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘം മൊഴിയെടുത്തത്. ഇതിന് പിന്നാലെയാണ് ജയസൂര്യയ്ക്കെതിരെ കേസെടുത്തത്.

അതേസമയം, ജയസൂര്യക്കെതിരായ പീഡനക്കേസില്‍ നടനും സംവിധായകനുമായ ബാലചന്ദ്ര മേനോന്റെ മൊഴിയെടുക്കും. ബാലചന്ദ്ര മേനോന്‍ സംവിധാനം ചെയ്ത സിനിമയുടെ ലോക്കേഷനില്‍ വച്ചാണ് അതിക്രമം നടന്നതെന്നാണ് നടി പരാതി നല്‍കിയത്. കേസില്‍ കന്റോണ്‍മെന്റ് പൊലീസ് നടിയുടെ രഹസ്യമൊഴി രേഖപ്പെടുത്തും. ഇതിന്റെ ഭാഗമായി പൊലീസ് തിരുവനന്തപുരം സിജെഎം കോടതിയില്‍ അപേക്ഷ സമര്‍പ്പിച്ചിരിക്കുകയാണ്.

2008ല്‍ ബലചന്ദ്ര മേനോന്‍ സംവിധാനം ചെയ്ത സിനിമയുടെ ചിത്രത്തിന്റെ ഒരു ഭാഗം ചിത്രീകരിച്ചത് സെക്രട്ടറിയേറ്റിലായിരുന്നു. ഇവിടെവച്ച് ജയസൂര്യ മോശമായി പെരുമാറി എന്നാണ് നടിയുടെ പരാതി. സെക്രട്ടറിയേറ്റിലെ സിനിമാ ചിത്രീകരണവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ച എല്ലാ അണിയറപ്രവര്‍ത്തകരുടെയും മൊഴി രേഖപ്പെടുത്തും.

മുകേഷ് എംഎല്‍എ, ഇടവേള ബാബു, മണിയന്‍പിള്ള രാജു, ജയസൂര്യ, കോണ്‍ഗ്രസ് നേതാവ് അഡ്വ വി എസ് ചന്ദ്രശേഖരന്‍, കാസ്റ്റിംഗ് ഡയറക്ടര്‍ വിച്ചു, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ നോബിള്‍ എന്നിവര്‍ക്ക് എതിരെയാണ് നടി പരാതി നല്‍കിയിരിക്കുന്നത്.