തൃശൂർ: കേരള പോലീസ് ഗ്രേഡ് എസ്.ഐ യെ പോക്സോ കേസിൽ പോലീസ് അറസ്റ്റ് ചെയ്തു. തൃശൂരിൽ സ്റ്റുഡൻ്റ് പോലീസ് കേഡറ്റിനെ പീഡിപ്പിച്ചുവെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി ഉണ്ടായിരിക്കുന്നത്. കേരള പൊലീസ് ഗ്രേഡ് എസ്.ഐ ചന്ദ്രശേഖരൻ (50) ആണ് പോലീസ് കസ്റ്റഡിയിൽ ഉള്ളത്.

രണ്ടു വർഷം മുമ്പ് ചാപ്പാറ വിനോദ സഞ്ചാര കേന്ദ്രത്തിന് അടുത്ത് വച്ച് കാറിൽ വച്ച് പീഡിപ്പിച്ചെന്ന വിദ്യാർത്ഥിനി കൗൺസിലിങിൽ വെളിപ്പെടുത്തിയതിനെ തുടർന്നാണ് എസ്.ഐയ്‌ക്കെതിരെ ഇപ്പോൾ നടപടി ഉണ്ടായിരിക്കുന്നത്. പീഡനം നടന്നപ്പോൾ പെൺകുട്ടി ഒൻപതാം ക്ലാസ് വിദ്യാർത്ഥിനിയായിരുന്നു. ഇന്ന് പ്ലസ് വൺ വിദ്യാർത്ഥിനിയാണ്.

പെൺകുട്ടിയുടെ വെളിപ്പെടുത്തൽ പോലീസിനെ അറിയിച്ചതിന് പിന്നാലെ തൃശൂർ റൂറൽ വനിതാ പോലീസ് കേസ് എടുത്തിരുന്നു. ഇതിന് പിന്നാലെയാണ് ഗ്രേഡ് എസ്.ഐ ചന്ദ്രശേഖരനെ കസ്റ്റഡിയിൽ എടുത്തത്. ഇയാളുടെ മൊഴി രേഖപ്പെടുത്തും.

വൈദ്യ പരിശോധനക്ക് ശേഷം അറസ്റ്റ് രേഖപ്പെടുത്തി കോടതിയിൽ ഹാജരാക്കുമെന്നാണ് വിവരങ്ങൾ ലഭിക്കുന്നത്. പോക്സോ നിയമ പ്രകാരമാണ് എസ്.ഐയ്‌ക്കെതിരെ കേസ് ചാർജ് ചെയ്തിരിക്കുന്നത്.