തൃശൂർ: തൃശൂർ മൃഗശാലയിലെ കടുവ ചത്തു. ഹൃഷിരാജ് എന്ന് പേരുള്ള ആൺകടുവയെയാണ് ചത്തനിലയിൽ കണ്ടെത്തിയത്. ഏകദേശം 25 വയസ്സ് പ്രായം കണക്കാക്കുന്ന കടുവ കുറച്ചുനാളായി അവശനിലയിലായിരുന്നു. ഹൃഷിരാജിന് ഏകദേശം മൂന്ന് മാസത്തോളമായി മൃഗശാലാ അധികൃതർ പ്രത്യേക പരിചരണം നൽകി വരികയായിരുന്നു. തീർത്തും ചലനശേഷി നഷ്ടമായ അവസ്ഥയിലായിരുന്നതിനാൽ കടുവയ്ക്ക് നേരിട്ട് വായിൽ ഭക്ഷണം വെച്ചു നൽകിയാണ് ഫീഡിങ് നടത്തിയിരുന്നത്.

കഴിഞ്ഞ ദിവസം ഭക്ഷണം കഴിക്കാതെയിരുന്ന കടുവ രാത്രിയോടെ മരിക്കുകയായിരുന്നു. 2015-ലാണ് വയനാട്ടിലെ കാട്ടികുളത്തു വെച്ച് സുൽത്താൻ ബത്തേരി റേഞ്ചിൽ നിന്നും ഈ കടുവയെ പിടികൂടിയത്. അന്ന് ഉദ്ദേശം 15 വർഷമായിരുന്നു കടുവയുടെ പ്രായം കണക്കാക്കിയത്. ദേശീയ കടുവ സംരക്ഷണ അതോറിറ്റിയുടെ (NTCA) മാനദണ്ഡങ്ങൾക്ക് വിധേയമായി മറ്റ് നടപടികൾ സ്വീകരിക്കുമെന്ന് മൃ​ഗശാല അധികൃതർ അറിയിച്ചു.