തൃശൂർ: ചാലക്കുടിക്കാരുടെ ഉറക്കം കെടുത്തി പുലി ഭീതി. നാട്ടുകാർക്ക് ഇപ്പോൾ രാത്രിയായാൽ പുറത്തിറങ്ങാൻ പേടിയാണ്. പുലിയെ പിടികൂടാനായി കൂട് സ്ഥാപിക്കുകയും ചെയ്തു. കണ്ണമ്പുഴ ക്ഷേത്ര പറമ്പിലാണ് കഴിഞ്ഞ ദിവസം കൂട് സ്ഥാപിച്ചത്. പുലിയുടെ ദൃശ്യങ്ങൾ കാമറയില്‍ പതിഞ്ഞ വീട്ടില്‍ നിന്നും നാനൂറോളം മീറ്റര്‍ അകലെയുള്ള ക്ഷേത്ര പറമ്പിലാണ് കൂട് സ്ഥാപിച്ചിരിക്കുന്നത്.

പുലിയെ ആകര്‍ഷിക്കാനായി കൂട്ടില്‍ ആടിനെ കെട്ടിയിട്ടുണ്ട്. ക്ഷേത്ര പറമ്പില്‍ പലയിടത്തുമായി പുലിയുടെ കാല്‍പാടുകളും കണ്ടെത്തിയിട്ടുണ്ട്. ചാലക്കുടി ഡിഎഫ്ഒ ആര്‍ വെങ്കിടേഷ് ഐഎഫ്എസിന്‍റെ നേതൃത്വത്തിലാണ് കൂടൊരുക്കിയത്. അടുത്ത ദിവസം പ്രദേശത്ത് നിരീക്ഷണ കാമറകള്‍ സ്ഥാപിക്കും.

ആര്‍ആര്‍ടി പ്രവര്‍ത്തകര്‍ മൂന്ന് ടീമുകളായി തിരിഞ്ഞ് 18, 20, 22, 23 വാര്‍ഡുകളില്‍ നിരീക്ഷണം ആരംഭിച്ചു. വെള്ളിയാഴ്ച വനം വകുപ്പിന്റെ നേതൃത്വത്തില്‍ പുഴയില്‍ വഞ്ചിയുപയോഗിച്ച് പുഴയോരങ്ങളില്‍ നിരീക്ഷണ നടത്തും. ഇതിന് പുറമെ ഡ്രോണ്‍ പറത്തിയുള്ള നിരീക്ഷണവും നടത്താന്‍ പദ്ധതിയുണ്ട്. കണ്ണംമ്പുഴ ക്ഷേത്രത്തിന് സമീപം ഐനിക്കാട് മഠത്തില്‍ രാമനാരായണന്റെ വീട്ടിലെ സിസിടിവി കാമറയിലാണ് 24ന് പുലര്‍ച്ചെ പുലിയുടെ ദൃശ്യങ്ങള്‍ പതിഞ്ഞിരിക്കുന്നത്. ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും നിർദ്ദേശങ്ങൾ ഉണ്ട്.