കല്‍പറ്റ: വയനാട്ടില്‍ മൂന്ന് കടുവകളെ ചത്ത നിലയില്‍ കണ്ടെത്തി. കുറിച്യാട് കാടിനുള്ളിലാണ് രണ്ട് കടുവകളെ ചത്ത നിലയില്‍ കണ്ടെത്തിയത്. ഒരു ആണ്‍കടുവയും ഒരു പെണ്‍കടുവയുമാണ് ചത്തത്. ഇവ പരസ്പ്പരം പോരടിച്ചു മരിച്ചതാണെന്നാണ് നിഗമനം. മേപ്പാടി കൂട്ടമുണ്ട സബ് സ്റ്റേഷന് സമീപത്ത് ആണ്‍ കടുവയെയാണ് ചത്തതായി കണ്ടെത്തിയത്.

കുറിച്യാട് കാടിനുള്ളില്‍ ഫോറസ്റ്റ് ഉദ്യോഗസ്ഥരാണ് പട്രോളിങ്ങിനിടെ ഇന്ന് വൈകിട്ടോടെയാണ് കടുവകളുടെ ജഡം കണ്ടെത്തിയത്. കടുവകള്‍ ഏറ്റുമുട്ടി ചത്തതെന്നാണ് സംശയം. വിദഗ്ധ പരിശോധനക്ക് ശേഷമേ വിശദാംശങ്ങള്‍ ലഭ്യമാവുകയുള്ളൂ.

കാപ്പിത്തോട്ടത്തില്‍ തൊഴിലാളികളാണ് മേപ്പാടിയിലെ കടുവയുടെ ജഡം കണ്ടെത്തിയത്. കടുവയുടെ ജഡത്തിന് ഒരാഴ്ചത്തെ പഴക്കമുണ്ട്. ദുര്‍ഗന്ധം വമിച്ചപ്പോള്‍ പ്രദേശവാസികള്‍ നടത്തിയ പരിശോധനയിലാണ് ജഡം കണ്ടത്. സ്വഭാവികമായി ചത്തതാണെന്നാണ് പ്രാഥമിക നിഗമനം.

സമീപ പ്രദേശത്ത് നിരവധി വളര്‍ത്തുമൃഗങ്ങളെ കടുവ പിടികൂടിയിരുന്നു. കഴിഞ്ഞയാഴ്ച വയനാട്ടില്‍ കടുവ ആക്രമണത്തില്‍ വീട്ടമ്മ കൊല്ലപ്പെട്ടതോടെ അതീവ ഭീതിയിലാണ് നാട്ടുകാര്‍.