തിരുവനന്തപുരം: ഓടിക്കൊണ്ടിരുന്ന ടോറസ് ലോറിയുടെ ടയർ തെറിച്ച് സമീപത്തെ കടകളിലേക്ക് പാഞ്ഞുകയറി. കരമന-കളിയിക്കാവിള പാതയിൽ ഇന്നലെ രാവിലെയായിരുന്നു സംഭവം. അപകടത്തിൽ രണ്ട് പേർക്ക് പരിക്കേൽക്കുകയും എട്ട് ലക്ഷത്തോളം രൂപയുടെ നാശനഷ്ടം സംഭവിക്കുകയും ചെയ്തു.

തമിഴ്നാട്ടിൽ നിന്ന് ടാർ കയറ്റി പേരൂർക്കട വഴയില ഭാഗത്തേക്ക് പോവുകയായിരുന്ന ടോറസ് ലോറിയുടെ മുൻവശത്തെ ഇടതുവശത്തെ ടയറാണ് വൻ ശബ്ദത്തോടെ ഊരിത്തെറിച്ചത്. സമീപത്തെ കടകളുടെ മുൻവശത്തെ ഗ്ലാസ് ഡോറുകൾ തകർത്ത് ടയർ ഉള്ളിലേക്ക് കയറുകയായിരുന്നു. ആദ്യം ഒരു ഷോപ്പിലേക്ക് പാഞ്ഞുകയറിയ ടയർ ഉള്ളിൽ തട്ടി വീണ്ടും പുറത്തുവന്ന് സമീപത്തെ മറ്റൊരു കടയിലേക്ക് പ്രവേശിച്ചു.

ഒരു സ്റ്റുഡിയോയ്ക്കും ഒരു ഫൈനാൻസ് സ്ഥാപനത്തിനുമാണ് അപകടത്തിൽ കേടുപാടുകൾ സംഭവിച്ചത്. സ്റ്റുഡിയോയിലെ വിലപിടിപ്പുള്ള ക്യാമറകൾ, പ്രിന്ററുകൾ എന്നിവ ഉൾപ്പെടെയുള്ള ഉപകരണങ്ങൾ നശിച്ചു. ഏകദേശം എട്ട് ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു. ഫൈനാൻസ് സ്ഥാപനത്തിന്റെ മുൻവശത്തെ ബോർഡും ഗ്ലാസും തകർന്നു. കടകളുടെ മുന്നിൽ നിർത്തിയിരുന്ന ഫൈനാൻസ് സ്ഥാപനത്തിലെ ജീവനക്കാരിയുടെ സ്കൂട്ടറും തകർന്നിട്ടുണ്ട്.

അപകടത്തിൽ സ്റ്റുഡിയോ ജീവനക്കാരിയായ ശ്രീലക്ഷ്മിക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് നേമം താലൂക്ക് ആശുപത്രിയിൽ പ്രാഥമിക ശുശ്രൂഷ നൽകി. അതുവഴി നടന്നുപോയ ഒരു വയോധികന്റെ കാലിനും നിസാര പരിക്കേറ്റിട്ടുണ്ട്. അപകട സമയത്ത് കടകളിലുണ്ടായിരുന്ന ജീവനക്കാർ അത്ഭുതകരമായി രക്ഷപ്പെട്ടു. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.