- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'കേരളം ലോകമാധ്യമരംഗത്തിന് നല്‍കിയ അഭിമാനകരമായ സംഭാവന'; ടി ജെ എസ് ജോര്‍ജിനെ അനുസ്മരിച്ച് മുഖ്യമന്ത്രി
'കേരളം ലോകമാധ്യമരംഗത്തിന് നല്‍കിയ അഭിമാനകരമായ സംഭാവന'; ടി ജെ എസ് ജോര്‍ജിനെ അനുസ്മരിച്ച് മുഖ്യമന്ത്രി
തിരുവനന്തപുരം: ഇന്ത്യന്‍ മാധ്യമ ചരിത്രത്തിലെ ഒരു സുപ്രധാന അധ്യായമാക്കി തന്റെ പത്രാധിപ ജീവിതത്തെ മാറ്റാന്‍ കഴിഞ്ഞ പ്രഗത്ഭ മാധ്യമപ്രവര്‍ത്തകനായിരുന്നു ടി ജെ എസ് ജോര്‍ജെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കേരളം ഇന്ത്യന്‍ പത്രപ്രവര്‍ത്തന രംഗത്തിനും ലോകമാധ്യമ രംഗത്തിനും നല്‍കിയ അഭിമാനകരമായ സംഭാവനയായിരുന്നു ടി.ജെ. എസ്. ഭയരഹിതവും നിഷ്പക്ഷവും ആയ പത്രപ്രവര്‍ത്തനത്തിന് വേണ്ടി എക്കാലവും നിലകൊണ്ട പ്രമുഖ പത്രാധിപനായിരുന്നു അദ്ദേഹമെന്നും മുഖ്യമന്ത്രി അനുശോചന സന്ദേശത്തില്‍ പറഞ്ഞു.
അടിയന്തരാവസ്ഥക്കാലത്തടക്കം ജനാധിപത്യ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്ന നിലപാട് കൈക്കൊണ്ട ടിജെഎസ് ജോര്‍ജ് എന്നും ലിബറല്‍ ജേണലിസത്തിന്റെ ധീരനായ വക്താവായിരുന്നു. സ്വാതന്ത്ര്യത്തെയും ജനാധിപത്യ ബോധത്തെയും അപകടപ്പെടുത്തുന്ന എല്ലാ പ്രവണതകള്‍ക്കുമെതിരെ ശക്തമായി പ്രതികരിച്ച ചരിത്രമാണ് അദ്ദേഹത്തിന്റേത്.
പത്രാധിപര്‍ എന്നതിനപ്പുറം ഗ്രന്ഥകാരന്‍ എന്ന നിലയിലും പംക്തികാരന്‍ എന്ന നിലയിലും പ്രശസ്തനായിരുന്ന ടി.ജെ എസ് ജോര്‍ജിന്റെ പ്രധാന കൃതികളില്‍ എം എസ് സുബ്ബലക്ഷ്മിയെ കുറിച്ചും കൃഷ്ണമേനോനെ കുറിച്ചും ഒക്കെയുള്ള ജീവിതവിവരണങ്ങള്‍ അടങ്ങിയ ഗ്രന്ഥങ്ങളുണ്ട്. അദ്ദേഹം പത്രപ്രവര്‍ത്തനം തുടങ്ങിയത് ഫ്രീ പ്രസ് ജേര്‍ണലിലാണ്. പിന്നീട് പ്രധാനപ്പെട്ട ലോക ശ്രദ്ധയിലുള്ള മാധ്യമങ്ങളുടെ പത്രാധിപസ്ഥാനത്തും പംക്തി രചനാ സ്ഥാനത്തുമൊക്കെ എത്തി.
ഇന്ത്യന്‍ എക്‌സ്പ്രസ്സിലെയടക്കം സ്ഥിരം പംക്തികളിലൂടെ അദ്ദേഹം വായനാ സമൂഹത്തിന്റെ വലിയ സ്വീകാര്യത ഏറ്റുവാങ്ങി. ഏഷ്യ വീക്കിന്റെ സ്ഥാപക പത്രാധിപരായിരുന്ന അദ്ദേഹം സര്‍വ്വദേശീയ തലത്തില്‍ തന്നെ അംഗീകരിക്കപ്പെട്ട പത്രാധിപേരായിരുന്നു. നിര്‍ഭയമായ പത്രപ്രവര്‍ത്തനമായിരുന്നു അദ്ദേഹത്തിന്റെ മുഖമുദ്ര. സ്വതന്ത്രഭാരതത്തില്‍ അഭിപ്രായസ്വാതന്ത്ര്യം ഉപയോഗിച്ചതിന്റെ പേരില്‍ ആദ്യമായി ജയിലിലടക്കപ്പെട്ട പത്രാധിപരാണ് ടി.ജെ.എസ്. സംസ്ഥാന സര്‍ക്കാര്‍ അദ്ദേഹത്തെ സ്വദേശാഭിമാനി പുരസ്‌കാരം നല്‍കി ആദരിച്ചത് സ്മരണീയമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.