കൊച്ചി: ആരോപണങ്ങള്‍ക്ക് പിന്നാലെ ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ സ്ഥാനത്ത് നിന്നുള്ള സംവിധായകന്‍ രഞ്ജിത്തിന്റെയും അമ്മ ജനറല്‍ സെക്രട്ടറി സ്ഥാനത്ത് നിന്നുള്ള നടന്‍ സിദ്ദിഖിന്റെയും രാജിയില്‍ പ്രതികരിച്ച് ടൊവിനോ തോമസ്. കുറ്റാരോപിതര്‍ രാജിവെക്കുന്നത് നിഷ്പക്ഷമായ അന്വേഷണത്തിന് ആവശ്യമാണെന്ന് ടൊവിനോ പ്രതികരിച്ചു. കുറ്റം തെളിയിക്കപ്പെട്ടാല്‍ ആരായാലും ശിക്ഷ അനുഭവിക്കണം. പൊലീസ് അന്വേഷണത്തെ സ്വാഗതം ചെയ്യുന്നു. പൊലീസ് വിളിച്ചാല്‍ മൊഴി കൊടുക്കാന്‍ തയ്യാറാണെന്നും ടൊവിനോ തോമസ് പറഞ്ഞു.

'തെറ്റ് ചെയ്തവര്‍ ശിക്ഷിക്കപ്പെടണം. സിനിമാ മേഖലയില്‍ മാത്രമല്ല, എല്ലാവരും എവിടെയും സുരക്ഷിതരായിരിക്കണം. നീതി നടപ്പാകും എന്ന് വിശ്വസിക്കുക. എല്ലാ ജോലിസ്ഥലത്തും ആളുകള്‍ സുരക്ഷിതരായിരിക്കണം. മലയാളം സിനിമ മേഖലയില്‍ മാത്രമാണ് അന്വേഷണം നടന്നത്. അതിനര്‍ത്ഥം മറ്റ് ഇന്‍ഡസ്ട്രികളില്‍ ഇത്തരം കാര്യങ്ങള്‍ നടക്കുന്നില്ലായെന്നല്ല', ടൊവിനോ വ്യക്തമാക്കി.