കോഴിക്കോട്: ശക്തമായ മണ്ണിടിച്ചിലിനെത്തുടർന്ന് താമരശ്ശേരി ചുരം വഴിയുള്ള എല്ലാത്തരം ഗതാഗതവും പൂർണ്ണമായി നിരോധിച്ചു. ഇനിയൊരു അറിയിപ്പുണ്ടാകുന്നത് വരെ ഈ നിയന്ത്രണം പ്രാബല്യത്തിൽ വരുമെന്ന് ജില്ലാ കളക്ടർ സ്നേഹിൽ കുമാർ സിംഗ് അറിയിച്ചു. തുടർച്ചയായി പെയ്യുന്ന മഴയിൽ കൂടുതൽ പാറക്കഷ്ണങ്ങളും മണ്ണും റോഡിലേക്ക് പതിക്കുന്ന സാഹചര്യമാണ് ഗതാഗത നിരോധനത്തിന് കാരണം.

ആംബുലൻസ് ഉൾപ്പെടെയുള്ള അത്യാവശ്യ സർവീസ് നടത്തുന്ന വാഹനങ്ങൾക്ക് മാത്രമായിരിക്കും പോലീസിൻ്റെ അനുമതിയോടെ ചുരം വഴി കടന്നുപോകാൻ അനുമതിയുണ്ടായിരിക്കുക. നിലവിലെ സാഹചര്യത്തിൽ പൊതുജനങ്ങളുടെ സഹകരണം അനിവാര്യമാണെന്നും കളക്ടർ അഭ്യർത്ഥിച്ചു. റോഡിൽ നിന്ന് മണ്ണ് നീക്കം ചെയ്യുന്നതിനുള്ള പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. താമരശ്ശേരി തഹസിൽദാർ സി. സുബൈർ, റവന്യൂ ഉദ്യോഗസ്ഥർ, പോലീസ്, ഫയർ ആൻഡ് റെസ്ക്യൂ വിഭാഗം എന്നിവർ സംയുക്തമായാണ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്.

കോഴിക്കോട് ജില്ലാ ദുരന്ത നിവാരണ വിഭാഗം ഡെപ്യൂട്ടി കളക്ടർ എം. രേഖ, ഹസാഡ് അനലിസ്റ്റ് പി. അശ്വതി, ജില്ലാ സോയിൽ കൺസർവേഷൻ ഓഫീസർ എം. രാജീവ്, അസിസ്റ്റൻ്റ് ജിയോളജിസ്റ്റ് ദീപ എന്നിവരടങ്ങുന്ന സംഘം സ്ഥലം സന്ദർശിച്ച് ആവശ്യമായ നടപടികൾ നിർദ്ദേശിച്ചിട്ടുണ്ട്. മണ്ണിടിച്ചിൽ ഭീഷണി നിലനിൽക്കുന്നതിനാൽ താമരശ്ശേരി ചുരം വഴിയുള്ള യാത്രാ ദുരിതം ഇനിയൊരു അറിയിപ്പുണ്ടാകുന്നത് വരെ തുടരും.