തിരുവനന്തപുരം: വയനാട്ടിലെ ഉരുള്‍പൊട്ടല്‍ ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒരു കോടി രൂപ നല്‍കും. ദേവസ്വം ബോര്‍ഡ് രൂപീകൃതമായതിന്റെ 75 വര്‍ഷം പിന്നിടുകയാണെങ്കിലും ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ ഡയമണ്ട് ജൂബിലിയുമായി ബന്ധപ്പെട്ട് ആര്‍ഭാടപരമായ ആഘോഷങ്ങള്‍ ഉണ്ടാവുകയില്ലെന്നും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി എസ് പ്രശാന്ത് വ്യക്തമാക്കി.

ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന ആഘോഷ പരിപാടികളുടെ ഉദ്ഘാടനം മുഖ്യമന്ത്രി നിര്‍വഹിക്കുമെന്നും പി എസ് പ്രശാന്ത് അറിയിച്ചു. ദേവസ്വം മേഖലയില്‍ സമ്പൂര്‍ണ കമ്പ്യുട്ടര്‍വല്‍ക്കരണം നടപ്പാക്കുമെന്നും പി എസ് പ്രശാന്ത് വ്യക്തമാക്കി. മുന്‍പേ ഇക്കാര്യം പറഞ്ഞതായിരുന്നു എന്ന് ചൂണ്ടിക്കാണിച്ച ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് കീഴില്‍ വരുന്ന മുഴുവന്‍ ക്ഷേത്രങ്ങളിലും ഇ കാണിക്ക സംവിധാനം നടപ്പാക്കിയതായും അറിയിച്ചു. ഘട്ടം ഘട്ടമായി മറ്റു ക്ഷേത്രങ്ങളില്‍ ഇത് നടപ്പാക്കുമെന്നും പി എസ് പ്രശാന്ത് പറഞ്ഞു.

ദേവസ്വം ബോര്‍ഡിന്റെ നേതൃത്വത്തില്‍ മൂന്ന് ഫ്രീ ഡയാലിസിസ് സെന്ററുകള്‍ ആരംഭിക്കുമെന്നും പി എസ് പ്രശാന്ത് പറഞ്ഞു. തിരുവനന്തപുരത്തെ സെന്റര്‍ ചിങ്ങം 1 ന് ആരംഭിക്കും. തിരുവനന്തപുരത്തിന് പുറമെ കൊട്ടാരക്കര, ഹരിപ്പാട് എന്നിവിടങ്ങളിലാണ് ഡയാലിസിസ് സെന്ററുകള്‍ ആരംഭിക്കുക. ദേവസ്വം ബോര്‍ഡ് ജീവനക്കാര്‍ക്കായി മെഡിക്കല്‍ ഇന്‍ഷുറന്‍സ് ആരംഭിക്കുമെന്നും പി എസ് പ്രശാന്ത് വ്യക്തമാക്കി. പൊതുജനങ്ങള്‍ക്കായി വിവിധ പദ്ധതികള്‍ നടപ്പിലാക്കാനാണ് ബോര്‍ഡ് തീരുമാനമെന്നും അദ്ദേഹം അറിയിച്ചു.

നിലക്കലില്‍ പരമാവധി പാര്‍ക്കിങ്ങ് സൗകര്യം നിലക്കലില്‍ ഏര്‍പ്പാടാക്കും. പമ്പ,നിലക്കല്‍ എന്നിവിടങ്ങങ്ങളില്‍ താത്കാലികമായി നാല് നടപന്തല്‍ ഒരുക്കും. പരാതിരഹിത മണ്ഡല മകര വിളക്ക് കാലം ആക്കാന്‍ ശ്രമിക്കും. ദേവസ്വം ബോര്‍ഡിന്റെ കീഴില്‍ 25 പെട്രോള്‍ പമ്പുകള്‍ ആരംഭിക്കുമെന്നും അതിന് ആവശ്യമായ 25 സ്ഥലം കണ്ടെത്തിയെന്നും പി എസ് പ്രശാന്ത് അറിയിച്ചു.