കൊച്ചി: ഓടുന്ന കാറിന് മുകളിലൂടെ മരം ഒടിഞ്ഞ് വീണ് അപകടം. എറണാകുളം കാഞ്ഞിരമറ്റത്താണ് അപകടം നടന്നത്. കാറിൽ യാത്ര ചെയ്തിരുന്ന നാലംഗ കുടുംബം തലനാരിഴക്കാണ് രക്ഷപ്പെട്ടത്. മേലോത്ത് വലിയ വീട്ടിൽ സിജുവും ഭാര്യയും കുട്ടികളുമാണ് കാറിൽ ഉണ്ടായിരുന്നത്.

രാവിലെ വീശിയടിച്ച ശക്തമായ കാറ്റിൽ ചാലക്കപ്പാറ മേലോത്ത് റോഡിലാണ് അപകടം ഉണ്ടായത്. ആമ്പല്ലൂർ പഞ്ചായത്തിന്റെ സംസ്ഥാന പാതയിൽ അപകട ഭീഷണി ഉയർത്തി കൊണ്ടിരിക്കുന്ന മരങ്ങൾ മഴക്കു മുമ്പേ വെട്ടിമാറ്റണമെന്ന ആവശ്യം ഉയർന്നിട്ടും ഇതുവരെ വെട്ടി മാറ്റിയിട്ടില്ലെന്ന് നാട്ടുകാർ പരാതി പറയുന്നു.

അതേസമയം, സംസ്ഥാനത്ത് അതിതീവ്ര മഴയും കാറ്റും കൂടുതൽ ശക്തി പ്രാപിക്കുകയാണ്. ഇന്ന് പതിനൊന്ന് ജില്ലകളിൽ റെഡ് അലർട്ടാണ്. പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് റെഡ് അലർട്ട്. മറ്റ് എല്ലാ ജില്ലകളിലും ഓറഞ്ച് അലർട്ടാണ്. പൊതുജനങ്ങൾ മുൻകരുതലുകൾ പാലിക്കണമെന്നും അധികൃതർ വ്യക്തമാക്കി.