- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇടുക്കിയിൽ ലൈഫ് മിഷൻ പദ്ധതിയിൽ അനുവദിച്ച പണവുമായി കരാറുകാരൻ മുങ്ങി; പണി പൂർത്തിയാക്കാൻ കഴിയാതെ ദുരിതത്തിലായി ആദിവാസി കുടുംബങ്ങൾ
ചെറുതോണി: ഇടുക്കിയിൽ ലൈഫ് മിഷൻ പദ്ധതിയിൽ വീട് പണിയാൻ അനുവദിച്ച പണവുമായി കരാറുകാരൻ മുങ്ങിയതോടെ പ്രതിസന്ധിയിലായിരിക്കുകയാണ് ആദിവാസി കുടുംബങ്ങൾ. ജില്ല ആസ്ഥാനത്തിനടുത്തുള്ള മണിയാറൻകുടിക്കു സമീപമുള്ള ആദിവാസി കുടുംബങ്ങൾക്കാണ് പണി പൂർത്തിയാക്കാൻ കഴിയാതെ ദുരിതത്തിലായത്.
2021ലാണ് വാഴത്തോപ്പ് പഞ്ചായത്തിലെ മണിയാറൻകുടിക്കു സമീപമുള്ള വട്ടമേട്, പെരുങ്കാല കുടികളിലുള്ള പതിനഞ്ചോളം ആദിവസി കുടുംബങ്ങൾക്ക് ലൈഫ് മിഷനിൽ വീട് അനുവദിച്ചത്.
കുടുംബങ്ങൾ പെട്ടെന്ന് വീടുപണിതീർത്തു കിട്ടാൻ ഊരുമൂപ്പനു നിർമാണ കരാർ നൽകി. ഒരു വീടിനു ആറുലക്ഷം രൂപ വീതമാണ് പദ്ധതിയിൽ അനുവദിച്ചത്. എന്നാൽ കരാറുകാരന്റെ ചതിയിൽ കുടുംബങ്ങളുടെ വീട് പണി പാതി വഴിയിലായി.
ചില രാഷ്ടീയക്കാരുടെയും ഉദ്യോഗസ്ഥരുടെയും പിൻബലത്തോടെ പണി പൂർത്തിയായെന്നു കാണിച്ച് ഇയാൾ അനുവദിച്ച തുക മുഴുവൻ കൈക്കലാക്കി. എന്നാൽ, വീടുകളുടെ പണി പകുതിപോലും പൂർത്തിയാക്കിയില്ല.
ഒന്നുരണ്ട് വീടുകളുടെ മേൽക്കൂര വാർത്ത് നൽകി. ഒരെണ്ണത്തിന്റെ തറ മാത്രമാണ് പണിതത്. മൂന്നുമാസം മുമ്പ് കിട്ടിയ പണവുമായി കരാറുകാരൻ നാടുവിട്ടു. ഇതോടെ ചതിയിൽ അകപ്പെട്ടു എന്ന് മനസ്സിലാക്കിയ കുടുംബങ്ങളിൽ ചിലർ സ്വന്തം കൈയിൽനിന്നും പണം മുടക്കിയും കടം വാങ്ങിയും മേൽക്കൂര കോൺക്രീറ്റ് ചെയ്തു.
മുൻപും ഇത്തരത്തിൽ ഇയാൾ പണം തട്ടിയെടുത്തതിനാൽ വീടുപണി പാതി വഴിയിൽ ഉപേക്ഷിച്ചിട്ടുണ്ടന്ന് ആരോപണമുണ്ട്. കരാറുകാരനെതിരെ പോലീസിൽ പരാതി നൽകാൻ തീരുമാനിച്ചിരിക്കുകയാണ് കുടുംബങ്ങൾ.