- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഊരത്തൂരിന് കശുവണ്ടി ശേഖരിക്കാന്‍ എത്തിയ വയനാടന്‍ ആദിവാസി യുവതി ദുരൂഹ സാഹചര്യത്തില്‍ മരിച്ച സംഭവം: ഭര്‍ത്താവ് കസ്റ്റഡിയില്‍
ആദിവാസി യുവതി ദുരൂഹ സാഹചര്യത്തില്‍ മരിച്ച സംഭവം: ഭര്‍ത്താവ് കസ്റ്റഡിയില്‍
കണ്ണൂര്‍: കശുവണ്ടി വിളവെടുപ്പ് ജോലിക്കായി വയനാട്ടില്‍ നിന്നുമെത്തിയ ആദിവാസി യുവതി ദുരൂഹസാഹചര്യത്തില്‍ മരിച്ച സംഭവത്തില്‍ ഭര്‍ത്താവിനെ പൊലിസ് കസ്റ്റഡിയിലെടുത്തു. വയനാട് തലപ്പുഴ പെരിയ ഇരുമനത്തൂര്‍ കരിമന്തം പണിയ ഉന്നതിയിലെ ആലാറ്റില്‍ രജനിയാ(37)ണ് താമസസ്ഥലത്ത് മരിച്ചത്. ആദി വാസിയുവതി കൊല്ലപ്പെട്ടതാണെന്ന പ്രാഥമിക നിഗമനത്താല്‍ ഇരിക്കൂര്‍ സി. ഐ രാജേഷ് ആയോടന്റെ നേതൃത്വത്തിലാണ് ഭര്‍ത്താവ് ബാബുവിനെ കസ്റ്റഡിയിലെടുത്തത്.
പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ കൊലപാതകമാണെന്ന് തെളിഞ്ഞാല്‍ ഇയാളെ അറസ്റ്റു ചെയ്യുമെന്ന് പൊലിസ് അറിയിച്ചു.ഇരിക്കൂര്‍ ബ്ളാത്തൂര്‍ സ്വദേശി ആഷിഖ് പാട്ടത്തിനായെടുത്ത തോട്ടത്തില്‍ കശുവണ്ടി വിളവെടുപ്പിനായി കൊണ്ടുവന്നതായിരുന്നു ദമ്പതികളെ. ചെങ്കല്‍ കൊത്തിയൊഴിഞ്ഞ ഊരത്തൂരിലെ പണയില്‍ ഷെഡ് കെട്ടിയാണ് ദമ്പതികള്‍ താമസിച്ചുവന്നിരുന്നത്. ഇവര്‍ക്ക് ഏഴുകുട്ടികളാണുളളത്. അതില്‍ അഞ്ചു പേര്‍ വയനാട്ടിലും രണ്ടു ചെറിയ കുട്ടികള്‍ ദമ്പതികളോടൊപ്പവുമാണ് താമസിച്ചിരുന്നത്.
ഞായറാഴ്ച്ച രാത്രി മദ്യംവാങ്ങി ഇരുവരും കുടിച്ചതായും ഇതിനു ശേഷം വഴക്കുണ്ടായതായും അയല്‍വാസികള്‍ മൊഴി നല്‍കിയിട്ടുണ്ട്.
തിങ്കളാഴ്ച്ച പുലര്‍ച്ചെ താന്‍ എഴുന്നേറ്റപ്പോള്‍ ഭാര്യയെ മരിച്ച നിലയില്‍ കണ്ടെത്തിയത് ബാബു തന്നെയാണ് അയല്‍വാസികളെ അറിയിച്ചത്. ഇരിക്കൂര്‍ പൊലിസെത്തി ഇന്‍ക്വസ്റ്റ് നടത്തിയപ്പോഴാണ് യുവതിയുടെ ശരീരത്തില്‍ പലയിടത്തും മുറിവുകള്‍ കണ്ടെത്തിയത്.
വയനാട്ടില്‍ താമസിച്ചുവരവെ ഭാര്യയെ മദ്യലഹരിയില്‍ മര്‍ദ്ദിച്ചു പരുക്കേല്‍പ്പിച്ചതിന് ബാബുവിനെതിരെ പൊലിസ് കേസെടുത്തിരുന്നു. തലയോലപുഴയില്‍ മറ്റൊരു കേസിലും ഇയാള്‍ പ്രതിയാണെന്ന് പൊലിസ് പറഞ്ഞു. മൃതദേഹം പോസ്റ്റുമോര്‍ട്ടം നടപടികള്‍ക്കായി പരിയാരത്തെ കണ്ണൂര്‍ മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയിലേക്ക് മാറ്റി നിയമനടപടി പൂര്‍ത്തിയാക്കി ബന്ധുക്കള്‍ക്ക് സംസ്‌കാര ചടങ്ങുകള്‍ക്കായി വിട്ടുകൊടുത്തു.
ബബിത, സവിത, അഞ്ജലി, ബബീഷ്, രജീഷ്, രഞ്ജേഷ്,ബിജിന്‍ ബാബു എന്നിവരാണ് മക്കള്‍. ഇതില്‍ അഞ്ചുവയസുളള രഞ്ജേഷും നാലുവയസുളള ബിബിന്‍ബാബുവുമാണ് ഇവരോടൊപ്പമുണ്ടായിരുന്നത്. ഇരിട്ടി ഡി.വൈ. എസ്. പി പി.കെ ധനഞ്ജയന്‍ ഇരിക്കൂര്‍ പൊലിസ് സ്റ്റേഷനില്‍ കസ്റ്റഡിയിലുളള ബാബുവിനെ വിശദമായി ചോദ്യം ചെയ്തിട്ടുണ്ട്.