തിരുവനന്തപുരം: തമിഴ്നാട്ടിൽ‌ നിന്നും കേരളത്തിലേക്ക് സിമന്‍റുമായി എത്തിയ ലോറിയെ ഗൂഗിൾമാപ്പ് ചതിച്ചു. പാറശാലയിലെ ചെക്പോസ്റ്റ് കടന്ന് കേരളത്തിലൂടെ ഗൂഗിൾ മാപ്പ് നോക്കി സഞ്ചരിച്ചിരുന്ന ലോറി വഴി തെറ്റിയതോടെ നിയന്ത്രണം വിട്ട് മൂന്നംഗ കുടുംബം സഞ്ചരിച്ച കാറിലേക്ക് ഇടിച്ചു കയറി.

ഇടിയുടെ ആഘാതത്തിൽ കാറിന്‍റെ ഒരു ഭാഗം പൂർണമായി തകർന്നെങ്കിലും യാത്രക്കാർ അത്‌ഭുതകരമായി രക്ഷപ്പെടുകയും ചെയ്തു. ഇന്നലെ രാവിലെ 9.30ന് പാറശാല താലൂക്ക് ആശുപത്രി കവാടത്തിനു മുന്നിൽ ആയിരുന്നു അപകടം. നെടുവാൻവിള സ്വദേശി ക്ലാസ്റ്റിൻരാജ്, ഭാര്യപിതാവ്, ഭാര്യ അടക്കം മൂന്ന് പേർ കാറിൽ ഉണ്ടായിരുന്നു.

തമിഴ്നാട്ടിൽ നിന്നും തിരുവനന്തപുരം നഗരത്തിലേക്ക് സിമന്‍റുമായി എത്തിയ ടോറസ് ലോറി പാറശാല ആശുപത്രി ജംക്‌ഷനിൽ നിന്നു ബൈപാസിലേക്ക് പോകാൻ തിരിഞ്ഞെങ്കിലും ഗൂഗിൾ മാപ്പിലെ സൂചന തെറ്റായി മനസിലാക്കിയ ഡ്രൈവർ വലതു വശത്തുള്ള ആശുപത്രി റോഡിലേക്ക് തിരിഞ്ഞതാണ് അപകടകാരണമായി പറയുന്നത്. സ്ഥലത്ത് പോലീസെത്തി മേൽനടപടികൾ സ്വീകരിച്ചു.