ഇടുക്കി: വണ്ടൻമേട് മാസ് ഗ്രൂപ്പ് ഓഫ് കമ്പനീസ് ചെയർമാൻ തച്ചേടത്ത് ടി ടി ജോസ്(70) അന്തരിച്ചു. പതിറ്റാണ്ടുകളായി ഏലക്ക ഉൽപ്പാദന, വിപണന രംഗത്ത് പ്രവർത്തിച്ചുവരുന്ന ടി ടി ജോസ് ഇന്ത്യയിൽനിന്ന് കൂടുതൽ ഏലക്ക വിദേശത്തേയ്ക്ക് കയറ്റുമതി ചെയ്തതിന് കേന്ദ്ര വാണിജ്യമന്ത്രാലയം നിരവധി തവണ അവാർഡ് നൽകി ആദരിച്ചിട്ടുണ്ട്. കയറ്റുമതി, ഏലക്കാ ലേലകേന്ദ്രം, പ്ലാൻ്റേഷൻ, പാലാട്ട് ബ്രാൻഡ് ഉൽപ്പന്നങ്ങൾ, റിസോർട്ട് തുടങ്ങി നിരവധി സംരംഭങ്ങൾ മാസ് ഗ്രൂപ്പിനുകീഴിൽ പ്രവർത്തിച്ചുവരുന്നു.

സാമൂഹിക സേവനരംഗങ്ങളിലും വ്യക്തിമുദ്ര പതിപ്പിച്ച ഇദ്ദേഹം കാഞ്ഞിരപ്പള്ളി രൂപതാ പാസ്റ്ററൽ കൗൺസിൽ അംഗം കൂടിയായിരുന്നു. സഹ്യാദ്രി കോ-ഓപ്പറേറ്റീവ് ക്രെഡിറ്റ് സൊസൈറ്റി ലിമിറ്റഡ് ഡയറക്ടർ ബോർഡ് അംഗം, സ്പൈസസ് പ്ലാന്റേഴ്സ് ഫെഡറേഷൻ അഡൈ്‌വസറി ബോർഡ് അംഗം തുടങ്ങിയ സ്ഥാനങ്ങൾ വഹിച്ചുവരുന്ന അദ്ദേഹം മുൻ സ്പൈസസ് ബോർഡ് അംഗം കൂടിയാണ്.