കോഴിക്കോട്: മുക്കത്ത് തനിച്ച് താമസിക്കുന്ന യുവാവിനെതിരെ വീട്ടില്‍ കയറി ആക്രമിച്ചു. സംഭവത്തിൽ രണ്ട് പേര്‍ പോലീസിന്റെ പിടിയില്‍. കൊടുവള്ളി പറമ്പത്ത്കാവ് സ്വദേശി മലയില്‍ പിലാക്കില്‍ വിനു (30), സുഹൃത്ത് കൊടുവള്ളി കിഴക്കോത്ത് മലയില്‍ മാക്കണ്ടിയില്‍ ഷിജിത്ത് ലാല്‍ (27) എന്നിവരെയാണ് മുക്കം പൊലീസ് അറസ്റ്റ് ചെയ്തത്. മുക്കം തോട്ടത്തിന്‍കടവ് കല്‍പുഴായി സ്വദേശി പുല്‍പറമ്പില്‍ പ്രജീഷിനെ (38)യാണ് പ്രതികൾ ക്രൂരമായി മര്‍ദ്ദിച്ചത്.

കഴിഞ്ഞ ബുധനാഴ്ച രാത്രിയാണ് സംഭവമുണ്ടായത്. പ്രജീഷ് തനിച്ച് താമസിക്കുന്ന വീട്ടില്‍ എത്തിയാണ് പ്രതികള്‍ അതിക്രമം നടത്തിയത്. പ്രജീഷിന്റെ സുഹൃത്തിന്റെ ഭാര്യയുടെ ബന്ധുവാണ് പ്രതികളില്‍ ഒരാളായ വിനു. ബഹളം കേട്ട് നാട്ടുകാര്‍ ഓടിയെത്തിയപ്പോഴേക്കും ആക്രമിക്കാന്‍ ഉപയോഗിച്ച ആയുധങ്ങള്‍ ഉപേക്ഷിച്ച് ഇരുവരും വാഹനത്തില്‍ കടന്നുകളഞ്ഞു. വധശ്രമം ഉള്‍പ്പെടെയുള്ള വകുപ്പുകളാണ് ഇവര്‍ക്കെതിരെ ചുമത്തിയിട്ടുള്ളത്. താമരശ്ശേരി കോടതിയില്‍ ഹാജരാക്കിയ ഇരുവരെയും 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു.