തിരുവനന്തപുരം: തലസ്ഥാനത്ത് വീണ്ടും ഭീതി പടർത്തി അമീബിക്ക് മസ്തിഷ്കജ്വരം സ്ഥിരീകരിച്ചു. ജില്ലയിൽ രണ്ട് പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചു. ഇരുവർക്കും രോഗം പിടിപ്പെട്ടത് എങ്ങനെയെന്നതിൽ ഇതുവരെ വ്യക്തത വന്നിട്ടില്ല. ജില്ലയിൽ രോഗബാധ ആവർത്തിക്കുമ്പോഴും ശാസ്ത്രീയ പഠനമൊന്നും ഇതുവരെയും തുടങ്ങാത്തത്തിൽ ജനങ്ങളിൽ വലിയ ആശങ്കയാണ് ഉള്ളത്.

തിരുമല സ്വദേശിയായ 31കാരിക്കും മുള്ളുവിള സ്വദേശിയായ 27കാരിക്കുമാണ് ഇന്നലെ രോഗം സ്ഥിരീകരിച്ചത്. രണ്ടുപേരും കുളത്തിലോ തോട്ടിലോ കുളിച്ചിട്ടില്ല. തലയ്ക്ക് പരിക്കേറ്റിട്ടില്ല. തലയിലോ മൂക്കിലോ ശസ്ത്രക്രിയ നടത്തിയിട്ടുമില്ല.

സാധാരണ അമിബീക് മസ്തിഷ്ക ജ്വരം പിടിപെടുന്ന സാഹചര്യമൊന്നുമില്ലാത്തവർക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്.

അതേസമയം, നാവായിക്കുളം സ്വദേശിയായ പ്ലസ് ടുക്കാരന് കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ചിരുന്നു. മരുതിക്കുന്ന് വാർഡിലെ പൊതുകുളത്തിൽ ഉത്രാട ദിനത്തിൽ കുളിച്ചതിന് പിന്നാലെയായിരുന്നു വിദ്യാർത്ഥിക്ക് രോഗലക്ഷണങ്ങൾ ഉണ്ടായത്.

കൂടെ കുളിച്ച രണ്ട് പേർക്ക് ലക്ഷണമില്ലെങ്കിലും ഇവർ ഇപ്പോൾ നിരീക്ഷണത്തിലാണ്. നിലവിൽ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലുള്ള മൂന്ന് പേരുടെയും ആരോഗ്യ നിലയിൽ കാര്യമായ പ്രശ്നങ്ങളില്ല.

തുടർച്ചയായി രോഗം റിപ്പോർട്ട് ചെയ്യുന്ന സാഹചര്യത്തിൽ പരിശോധനകൾ വർധിപ്പിച്ചിട്ടുണ്ട്. പനിക്കൊപ്പം അപസ്മാരം പോലെയുള്ള ലക്ഷണങ്ങൾ ഉള്ളവരിൽ അമിബീക്ക് മസ്തിഷ്കജ്വരം പരിശോധന നടത്തണമെന്ന് നിർദ്ദേശം ഇതിനോടകം നൽകിയിട്ടുണ്ട്. കഴിഞ്ഞ രണ്ട് മാസത്തിനിടെ പതിനാല് പേർക്കാണ് ജില്ലയിൽ രോഗബാധ സ്ഥിരീകരിച്ചത്.