തൃശൂര്‍: ഏപ്രിലില്‍ നടന്ന തൃശൂര്‍ പൂരം അലങ്കോലപ്പെടാനിടയായ സാഹചര്യം വ്യത്യസ്ത തലങ്ങളില്‍ ഡി.ജി.പിയും രണ്ട് എ.ഡി.ജി.പിമാരും അന്വേഷിക്കുമെന്ന തീരുമാനം സ്വാഗതാര്‍ഹമാണെങ്കിലും അതിന്റെ പേരില്‍ ഇനിയും വിവാദം നീട്ടിക്കൊണ്ടുപോകാന്‍ പറ്റില്ലെന്ന് സി.പി.ഐ നേതാവും മുന്‍ മന്ത്രിയുമായ വി.എസ്. സുനില്‍ കുമാര്‍.

അന്വേഷണ റിപ്പോര്‍ട്ടിന് ഏറ്റവും ചുരുങ്ങിയ കാലപരിധി നിശ്ചയിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പൂരം കലക്കിയതില്‍ ഗൂഢാലോചനയുണ്ടെന്നും പിന്നില്‍ രാഷ്ട്രീയലക്ഷ്യമുണ്ടെന്നും താനടക്കമുള്ളവര്‍ ആവര്‍ത്തിച്ച് പറയുന്നതാണ്. ഇപ്പോള്‍ പുറത്തുവന്ന റിപ്പോര്‍ട്ടില്‍തന്നെ അതിന്റെ സ്ഥിരീകരണങ്ങളുണ്ട്. അതോടൊപ്പം അന്വേഷിച്ച എ.ഡി.ജി.പിക്കുതന്നെ വീഴ്ച പറ്റിയിട്ടുണ്ടോ എന്നന്വേഷിക്കാന്‍ ഡി.ജി.പിയെ ചുമതലപ്പെടുത്തിയതോടെ സാഹചര്യം കുറെക്കൂടി ഗൗരവതരമായെന്നും സുനില്‍കുമാര്‍ പറഞ്ഞു.