പാലക്കാട്: വാളയാര്‍ വട്ടപ്പാറ ചെക്ക് പോസ്റ്റിന് സമീപം നിര്‍ത്തിയിട്ടിരുന്ന ലോറിയിലേക്ക് പിക്കപ്പ് വാഹനം ഇടിച്ചുണ്ടായ ഭീകരാപകടത്തില്‍ തമിഴ്നാട് സ്വദേശികളായ രണ്ട് സ്ത്രീകള്‍ മരിച്ചു. മരിച്ചവര്‍ മലര്‍ (40), ലാവണ്യ (40) എന്നിവര്‍ ആണ്. ചെന്നൈ പെരുമ്പം സ്വദേശികളായ രണ്ട് കുടുംബാംഗങ്ങളാണ് അപകടത്തില്‍പ്പെട്ടത്.

കാക്കനാട്ട് നടന്ന കുട്ടികളുടെ മത്സരത്തില്‍ പങ്കെടുത്ത് മടങ്ങുന്നതിനിടെയാണ് അപകടം. ഏഴ് പേര്‍ യാത്ര ചെയ്തിരുന്ന വാഹനത്തില്‍ സ്ത്രീകള്‍ ഇരുവരും സംഭവസ്ഥലത്തുവെച്ചുതന്നെ മരിച്ചു. വാഹനം തകര്‍ന്ന് കുടുങ്ങിക്കിടന്ന യാത്രക്കാരെ അഗ്നിരക്ഷാസേന രക്ഷപ്പെടുത്തി.

ഗുരുതരമായി പരുക്കേറ്റ സായിറാം (48), മകന്‍ (8), ഡ്രൈവര്‍ ശെല്‍വം (45), ഇയാളുടെ രണ്ടു മക്കള്‍ എന്നിവര്‍ ആദ്യം പാലക്കാട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. തുടര്‍ന്ന് വിദഗ്ധചികിത്സയ്ക്കായി കോയമ്പത്തൂരിലേക്ക് കൊണ്ടുപോയി. ഇവരില്‍ ഒരു കുട്ടിയുടെ നില ഗുരുതരമാണ്.