തിരുവനന്തപുരം: ഈ വര്‍ഷത്തെ വയലാര്‍ പുരസ്‌കാരം എഴുത്തുകാരനായ ഇ സന്തോഷ് കുമാറിന്. 'തപോമയിയുടെ അച്ഛന്‍' എന്ന നോവലിനാണ് പുരസ്‌കാരം. ഒരുലക്ഷം രൂപയും പ്രശസ്തിപത്രവും ശില്‍പവും അടങ്ങിയതാണ് പുരസ്‌കാരം. വയലാര്‍ രാമവര്‍മ മെമ്മോറിയല്‍ ട്രസ്റ്റാണു പുരസ്‌കാരം സമ്മാനിക്കുന്നത്.

ടി ഡി രാമകൃഷ്ണന്‍, ഡോ. എന്‍ പി ഹാഫീസ് മുഹമ്മദ്, പ്രിയ എ എസ് എന്നിവരടങ്ങിയ സമിതിയാണ് പുരസ്‌കാര ജേതാവിനെ തെരഞ്ഞെടുത്തത്. വയലാര്‍ രാമവര്‍മ്മയുടെ ചരമദിനമായ ഒക്ടോബര്‍ 27ന് വൈകീട്ട് തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തില്‍ വച്ച് അവാര്‍ഡ് വിതരണം ചെയ്യും. ചടങ്ങിന്റെ വിശദ വിവരങ്ങള്‍ പിന്നീട് അറിയിക്കുമെന്ന് വയലാര്‍ മെമ്മോറിയില്‍ ട്രസ്റ്റ് അറിയിച്ചു.