തിരുവനന്തപുരം: ക്യൂബയുമായി സഹകരിച്ച് സംസ്ഥാനത്തെ ആരോഗ്യ രംഗത്തും ഗവേഷണ രംഗത്തും വലിയ മാറ്റം ഉണ്ടാകുന്നു. ക്യൂബന്‍ ഫസ്റ്റ് ഡെപ്യൂട്ടി ഹെല്‍ത്ത് മിനിസ്റ്റര്‍ ടാനിയെ മാര്‍ഗരിറ്റയുമായും ക്യൂബന്‍ ഡെലിഗേഷനുമായുള്ള ചര്‍ച്ചയില്‍ ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് പങ്കെടുത്തു. 2023 ജൂണ്‍ മാസത്തില്‍ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ നടന്ന ക്യൂബന്‍ സന്ദര്‍ശനത്തിന്റെ തുടര്‍ച്ചയായി ആരോഗ്യ രംഗത്തെ നാല് മേഖലകളില്‍ ക്യൂബയുടെ ഗവേഷണ രംഗവുമായി സഹകരിക്കാന്‍ കേരളം തീരുമാനിച്ചിട്ടുണ്ട്. ട്രിപ്പിള്‍ നെഗറ്റീവ് ബ്രസ്റ്റ് കാന്‍സര്‍ വാക്സിന്‍, ശ്വാസകോശ കാന്‍സര്‍ വാക്സിന്‍, പ്രമേഹ രോഗികളിലെ പാദങ്ങളിലെ വ്രണങ്ങള്‍ക്കുള്ള ചികിത്സ (ഡയബറ്റിക് ഫൂട്ട്), ഡെങ്ക്യു വാക്സിന്‍, അല്‍ഷിമേഴ്സ് പോലുള്ള ന്യൂറോ സംബന്ധമായ രോഗങ്ങള്‍ക്കുള്ള ചികിത്സ എന്നീ മേഖലകളിലാണ് ഗവേഷണ സഹകരണം നടക്കുന്നത്.

ക്യൂബയുമായുള്ള സഹകരണത്തില്‍ സംസ്ഥാനത്തെ ആരോഗ്യ രംഗത്ത് വന്‍ മാറ്റമുണ്ടാകുമെന്ന് മന്ത്രി പറഞ്ഞു. കേന്ദ്രത്തിന്റേയും ഐസിഎംആറിന്റേയും ഡിസിജിഎയുടേയും അനുമതിയോടെ ഗവേഷണ രംഗത്ത് ക്യൂബന്‍ സഹകരണം ഉറപ്പാക്കും. ക്യൂബയുമായി മുമ്പ് നടന്ന ചര്‍ച്ചകളുടേയും ഇന്നലെ നടന്ന ചര്‍ച്ചയുടേയും തുടര്‍ന്നുള്ള ചര്‍ച്ചകളുടേയും അടിസ്ഥാനത്തില്‍ ഏപ്രില്‍ മാസത്തോടെ ധാരണാ പത്രത്തില്‍ ഒപ്പിടും. കാന്‍സര്‍, ഡെങ്ക്യു എന്നിവയ്ക്കുള്ള വാക്സിന്‍ വികസനം, ഡയബറ്റിക് ഫൂട്ട്, അല്‍ഷിമേഴ്സ് പോലുള്ള ന്യൂറോ സംബന്ധമായ രോഗങ്ങള്‍ക്കുള്ള ചികിത്സ എന്നീ രംഗങ്ങളില്‍ വലിയ പുരോഗതി കൈവരിക്കാനാകും.

ക്യൂബന്‍ സാങ്കേതികവിദ്യയോടെ തോന്നയ്ക്കല്‍ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ നേതൃത്വത്തിലാണ് വാക്സിനുകള്‍ വികസിപ്പിക്കുന്നത്. മലബാര്‍ കാന്‍സര്‍ സെന്ററുമായി സഹകരിച്ച് കാന്‍സര്‍, തൃശൂര്‍, കോഴിക്കോട് മെഡിക്കല്‍ കോളേജുകളുമായി സഹകരിച്ച് ഡയബറ്റിക് ഫൂട്ട്, തിരുവനന്തപുരം മെഡിക്കല്‍ കോളേജുമായി സഹകരിച്ച് അല്‍ഷിമേഴ്സ് എന്നിവയില്‍ ഗവേഷണം നടത്തും. 15 അംഗ ക്യൂബന്‍ സംഘത്തില്‍ ക്യൂബന്‍ ഫസ്റ്റ് ഡെപ്യൂട്ടി ഹെല്‍ത്ത് മിനിസ്റ്റര്‍ ടാനിയെ മാര്‍ഗരിറ്റ, അംബാസഡര്‍ ജുവാന്‍ കാര്‍ലോസ് മാര്‍സല്‍ അഗ്യുലേര, ആരോഗ്യ മേഖലയില്‍ നിന്നുള്ള ഉന്നത ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.

മുഖ്യമന്ത്രിയുടെ ചീഫ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. കെ എം ഏബ്രഹാം, ചീഫ് സെക്രട്ടറി ശാരദ മുരളീധരന്‍, ആരോഗ്യ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി രാജന്‍ എന്‍ ഖോബ്രഗഡേ, ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാന്‍സ്ഡ് വൈറോളജി ഡയറക്ടര്‍ ഡോ. ഇ ശ്രീകുമാര്‍, മലബാര്‍ കാന്‍സര്‍ സെന്റര്‍ ഡയറക്ടര്‍ ഡോ. ബി സതീശന്‍, മെഡിക്കല്‍ എജ്യുക്കേഷന്‍ ജോയിന്റ് ഡയറക്ടര്‍ ഡോ. കെ വി വിശ്വനാഥന്‍, തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ന്യൂറോളജി വിഭാഗം മേധാവി ഡോ. പി ചിത്ര, തൃശൂര്‍ മെഡിക്കല്‍ കോളേജ് ജനറല്‍ സര്‍ജറി അഡീഷണല്‍ പ്രൊഫസര്‍ ഡോ. സി രവീന്ദ്രന്‍ തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.