പാലക്കാട്: എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ യുവതി മുഖ്യമന്ത്രിക്ക് ലൈംഗിക പീഡന പരാതി നല്‍കിയതിന് പിന്നാലെ ഫേസ്ബുക്ക് കുറിപ്പുമായി മന്ത്രി വീണ ജോര്‍ജ്. 'പ്രിയപ്പെട്ട സഹോദരി തളരരുത്... കേരളം നിനക്കൊപ്പം...' എന്നായിരുന്നു വീണ ജോര്‍ജ് കുറിച്ചത്. പരാതി നല്‍കിയാല്‍ സര്‍ക്കാര്‍ ആവശ്യമായ എല്ലാ സഹായങ്ങളും നല്‍കുമെന്ന് വീണ ജോര്‍ജ് നേരത്തെയും പ്രതികരിച്ചിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് ഇപ്പോഴത്തെ ഫേസ്ബുക്ക് പോസ്റ്റും.

പീഡന പരാതിയില്‍ ഇരയ്‌ക്കൊപ്പം സര്‍ക്കാര്‍ നിലകൊള്ളുമെന്നും നിയമപരമായി എല്ലാ സഹായങ്ങളും പരാതിയുമായി മുന്നോട്ടുവന്നാല്‍ നല്‍കുമെന്നുമായിരുന്നു അവര്‍ നേരത്തെ അറിയിച്ചത്. അതേസമയം, നേരിട്ടെത്തി തെളിവുകളുള്‍പ്പെടെയാണ് യുവതി മുഖ്യമന്ത്രിക്ക് പരാതി കൈമാറിയത്. പരാതി ക്രൈംബ്രാഞ്ചിന് കൈമാറി.

വാട്ട്‌സപ്പ് ചാറ്റുകള്‍, ഓഡിയോ സംഭാഷണം അടക്കം കൈമാറിയെന്ന വിവരമാണ് പുറത്തുവരുന്നത്. ഉച്ചയോടെ ആയിരുന്നു യുവതി പരാതി നല്‍കിയത്. ഇന്ന് തന്നെ അതിജീവിതയുടെ മൊഴി രേഖപ്പെടുത്തും. രാഹുല്‍ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ രംഗത്ത് വന്നിരുന്നു. ഉയരുന്ന ആരോപണങ്ങളില്‍ രാഹുല്‍ നിരപരാധിയാണ് എന്നായിരുന്നു കെ സുധാകരന്റെ പ്രതികരണം. പെണ്‍കുട്ടികളെ പിന്തുടര്‍ന്ന് ശല്യം ചെയ്തു എന്ന പേരില്‍ രാഹുലിനെതിരെ കേസെടുത്തിരുന്നു. എന്നാല്‍ പരാതിയൊന്നും ലഭിച്ചിരുന്നില്ല.