തിരുവനന്തപുരം: ആരോഗ്യമന്ത്രി വീണ ജോര്‍ജ് ഡല്‍ഹിയിലെത്തി. കേന്ദ്ര ആരോഗ്യമന്ത്രി ജെ.പി.നഡ്ഡയുമായി കൂടിക്കാഴ്ച നടത്തും. ഉച്ചയ്ക്ക് 2.30 ന് കേന്ദ്രമന്ത്രിയുമായി കൂടിക്കാഴ്ച നടക്കുമെന്നാണ് ലഭിക്കുന്ന വിവരം. ആശ വര്‍ക്കര്‍മാരുടെ സമരം കൂടിക്കാഴ്ചയില്‍ ചര്‍ച്ചയായേക്കും. കേന്ദ്രമന്ത്രിയെ കാണാന്‍ അനുമതി കിട്ടിയാല്‍ ആശാമാരുടെ ആവശ്യങ്ങള്‍ അറിയിക്കുമെന്ന് മുന്‍പ് ആരോഗ്യമന്ത്രി വ്യക്തമാക്കിയിരുന്നു.

കഴിഞ്ഞ തവണ ക്യൂബന്‍ സംഘത്തെ കാണാന്‍ ഡല്‍ഹിയിലെത്തിയ ആരോഗ്യമന്ത്രി നഡ്ഡയുമായി കൂടിക്കാഴ്ചയ്ക്ക് സമയം തേടിയിരുന്നെങ്കിലും സമയം ലഭിച്ചിരുന്നില്ല. ആശമാരുടെ ഓണറേറിയം വര്‍ധന, എയിംസ് കേരളത്തിന് ലഭ്യമാക്കണം തുടങ്ങിയ കാര്യങ്ങള്‍ സംസാരിക്കുന്നതിനു വേണ്ടിയാണ് കേന്ദ്രമന്ത്രിയെ കാണാന്‍ വീണ ജോര്‍ജ് അനുമതി തേടിയത്. എന്നാല്‍ അനുമതി കിട്ടാതെ മടങ്ങുകയായിരുന്നു. പാര്‍ലമെന്റ് സമ്മേളനം നടക്കുന്നതിനാല്‍ മുന്‍കൂട്ടി അനുമതി നേടുന്നതില്‍ ആരോഗ്യമന്ത്രിയുടെ ഓഫിസിനു വീഴ്ച പറ്റിയെന്നാണ് ആക്ഷേപം ഉയര്‍ന്നത്. കേന്ദ്രമന്ത്രിയെ കാണാന്‍ അനുമതി ലഭിക്കുന്ന ഘട്ടത്തില്‍ വീണ്ടും ഡല്‍ഹിയിലെത്തുമെന്നായിരുന്നു മന്ത്രിയുടെ വിശദീകരണം.

നേരത്തേയും നദ്ദയെ കാണാന്‍ വീണാജോര്‍ജ്ജ് ഡല്‍ഹിയില്‍ എത്തിയിരുന്നെങ്കിലും കാണാനായിരുന്നില്ല. തുടര്‍ന്ന് തിരിച്ചുപോരുകയും പിന്നീട് കൂടിക്കാഴ്ച നടത്താന്‍ ജെ.പി.നദ്ദ സമ്മതം അറിയിക്കുകയും ചെയ്തിരുന്നു. ഫെബ്രുവരി പത്താം തീയതി മുതലാണ് ആശാവര്‍ക്കര്‍മാര്‍ സമരം തുടങ്ങിയത്. രാപ്പകല്‍ സമരത്തില്‍ ഓണറേറിയം വര്‍ദ്ധിപ്പിക്കുക, വിരമിക്കല്‍ ആനുകൂല്യം നല്‍കു തുടങ്ങിയ ആവശ്യങ്ങളായിരുന്നു ആശാവര്‍ക്കര്‍മാര്‍ മുമ്പോട്ട് വെച്ചത്. ആശാവര്‍ക്കര്‍മാരുമായി നേരത്തേ സര്‍ക്കാര്‍ ചര്‍ച്ച നടത്തിയെങ്കിലും ഫലവത്തായിരുന്നില്ല.

ആശാമാരുടെ വേതനവര്‍ദ്ധനവ് കാര്യത്തില്‍ കേന്ദ്രമാണ് തീരുമാനം എടുക്കേണ്ടതെന്നും കേന്ദ്രസര്‍ക്കാരിനെതിരേയാണ് സമരം നടത്തേണ്ടത് എന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുകയാണ് സംസ്ഥാന സര്‍ക്കാര്‍. ആശാമാരുടെ നിരാഹാരസമരം പതിമൂന്നാം ദിവസവും പിന്നിടുകയാണ്. തിങ്കളാഴ്ച അവര്‍ മുടിമുറിച്ചും തല മുണ്ഡനം ചെയ്തും പ്രതിഷേധിച്ചിരുന്നു. അടുത്ത സമരപരിപാടിയിലേക്ക് നീങ്ങുകയാണ്.

സമരത്തെ വിമര്‍ശിച്ച് തൊഴില്‍ മന്ത്രി വി ശിവന്‍കുട്ടി രംഗത്ത് വന്നിരുന്നു. മുടിമുറിച്ച് പ്രതിഷേധിക്കേണ്ടത് കേന്ദ്രസര്‍ക്കാരിന് മുന്നിലാണെന്നും, ആര്‍ജ്ജ വം ഉണ്ടെങ്കില്‍ കേന്ദ്രമന്ത്രിമാര്‍ ആശമാരെ തൊഴിലാളികളായി പരിഗണിക്കണമെന്ന ആവശ്യം കേന്ദ്രത്തോട് പറയണമെന്നും വെല്ലുവിളിച്ചു. ഓണറേ റിയം 21,000 രൂപയായി വര്‍ധിപ്പിക്കുക, വിരമിക്കല്‍ ആനുകൂല്യം വര്‍ധിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളുമായാണ് ആശമാര്‍ സമരം തുടങ്ങിയത്.