കോട്ടയം: ജോലിക്ക് ഹാജരാകാത്തതിന് വിശദീകരണം തേടി വിളിപ്പിച്ചപ്പോൾ വിജിലൻസ് ജഡ്ജിമാരുടെ ചേമ്പറിലെ സംഭാഷണങ്ങള്‍ മൊബൈല്‍ ഫോണില്‍ റെക്കോഡുചെയ്ത് സൂക്ഷിച്ച സംഭവത്തിൽ കോട്ടയം വിജിലൻസ് ജഡ്ജിയുടെ കോണ്‍ഫിഡൻഷ്യല്‍ അസിസ്റ്റന്റ് കെ.ആർ. ഷേർളിക്ക് സസ്പെൻഷൻ. ജീവനക്കാരി കുറ്റം സമ്മതിച്ച് കോടതിക്ക് മാപ്പ് അപേക്ഷ നൽകിയിട്ടുണ്ട്.

തിങ്കളാഴ്ചയാണ് സംഭവം നടന്നത്. ജോലിക്ക് ഹാജരാകാത്തതിന് വിശദീകരണം തേടി വിളിച്ചപ്പോൾ, ജീവനക്കാരി ജഡ്ജിയുമായി നടത്തിയ സംഭാഷണങ്ങൾ മൊബൈൽ ഫോണിൽ റെക്കോർഡ് ചെയ്യുകയായിരുന്നു. ഇത് ശ്രദ്ധയിൽപ്പെട്ട ജഡ്ജി, കോട്ടയം ഡിവൈ.എസ്.പിയെ വിവരമറിയിച്ചു. മറ്റ് ജീവനക്കാരുടെ സാന്നിധ്യത്തിൽ ജീവനക്കാരിയെക്കൊണ്ട് ഫോൺ അൺലോക്ക് ചെയ്യിച്ചപ്പോഴാണ് റെക്കോർഡിംഗ് കണ്ടെത്തിയത്. തുടർന്ന് നടത്തിയ പരിശോധനയിൽ, മൂവാറ്റുപുഴ വിജിലൻസ് ജഡ്ജിയുടേതടക്കം 28 സംഭാഷണങ്ങൾ ഇവരുടെ ഫോണിൽ സൂക്ഷിച്ചിരിക്കുന്നതായി അധികൃതർ കണ്ടെത്തി.

സംഭവങ്ങളുടെ തുടക്കം ശനിയാഴ്ച രാവിലെയാണ്. രാവിലെ ജോലിക്ക് ഹാജരാകാതിരുന്ന ജീവനക്കാരിയെക്കുറിച്ച് അന്വേഷിച്ചപ്പോഴാണ്, അവർ നാഗമ്പടത്തെ അസോസിയേഷന്റെ കായികമേളയിൽ പങ്കെടുക്കുന്നുണ്ടെന്ന് പോലീസ് റിപ്പോർട്ട് ലഭിച്ചത്. ഇതേത്തുടർന്ന് ജഡ്ജി അവരുടെ സർവീസ് ബുക്ക് ആവശ്യപ്പെട്ടു. പിന്നീട് വാട്ട്‌സ്ആപ്പിലൂടെ അവധി അറിയിച്ച ശേഷം ഉച്ചയോടെ ഓഫീസിലെത്തിയ ജീവനക്കാരി, കോടതി നടപടികൾ അവസാനിച്ചപ്പോൾ ജഡ്ജിയുടെ ചേംബറിലേക്ക് കയറിച്ചെന്നു.

അപ്പോൾ ഭക്ഷണസമയമാണെന്നും ഉച്ചയ്ക്കുശേഷം സംസാരിക്കാമെന്നും പറഞ്ഞ് ജഡ്ജി ഇവരെ തിരികെ അയക്കുകയായിരുന്നു. സർവീസ് ബുക്ക് പരിശോധനയിൽ, തൃശ്ശൂരിൽ ജോലി ചെയ്തിരുന്ന കാലത്ത് അനധികൃത സ്വത്ത് സമ്പാദിച്ചതുമായി ബന്ധപ്പെട്ട് ഇവർക്കെതിരെ കേസുണ്ടായിരുന്നുവെന്നും നടപടികൾ നേരിട്ടിരുന്നുവെന്നും കണ്ടെത്തി.