- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സാമ്പത്തിക ക്രമക്കേട്: തപാല്‍ വകുപ്പ് ഉദ്യോഗസ്ഥയെയും ഏജന്റിനേയും കഠിന തടവിന് ശിക്ഷിച്ച് വിജിലന്‍സ് കോടതി
തപാല്‍ വകുപ്പ് ഉദ്യോഗസ്ഥയെയും ഏജന്റിനേയും കഠിന തടവിന് ശിക്ഷിച്ച് വിജിലന്‍സ് കോടതി
പത്തനംതിട്ട: സാമ്പത്തിക ക്രമക്കേട് കണ്ടെത്തിയതിനെ തുടര്‍ന്ന് തപാല്‍ വകുപ്പ് ഉദ്യോഗസ്ഥയെയും ഏജന്റിനേയും വിജിലന്‍സ് കോടതി ആറ് വര്‍ഷം വരെ കഠിന തടവിനും പിഴ ഒടുക്കുന്നതിനും ശിക്ഷിച്ചു. നാഷണല്‍ സേവിങ്സ് ഡെപ്യൂട്ടി ഡയറക്ടറായിരുന്ന എം.സി.ശാന്തകുമാരി അമ്മ, കോന്നി പോസ്റ്റ് ഓഫീസിലെ സ്റ്റാന്‍ഡേര്‍ഡെസ് ഏജന്റ് സി.കെ.മുരളീധരന്‍ എന്നിവരെയാണ് തിരുവനന്തപുരം വിജിലന്‍സ് കോടതി ശിക്ഷിച്ചത്. 2005-06 കാലഘട്ടത്തിലാണ്് സംഭവം.
മുരളീധരനും ശാന്തകുമാരി അമ്മയും ചേര്‍ന്ന് ഡെപ്പോസിറ്റ് തുക അധികമായി കാണിച്ച് 9,400 രൂപ വെട്ടിപ്പ് നടത്തിയ കേസിലാണ് കോടതി നടപടി. ഒന്നാം പ്രതി സി കെ മുരളീധരനെ വിവിധ വകുപ്പുകളിലായി അഞ്ചു വര്‍ഷം കഠിന തടവിനും 20000 പിഴ ഒടുക്കാനുമാണ് ശിക്ഷിച്ചിരിക്കുന്നത്. രണ്ടാം പ്രതി എം.സി.ശാന്തകുമാരി അമ്മയ്ക്ക് വിവിധ വകുപ്പുകളിലായി ആറ് വര്‍ഷം കഠിനതടവും 30,000 രൂപ പിഴയുമാണ് കോടതി വിധിച്ചിട്ടുള്ളത്.
വിജിലന്‍സ് യൂണിറ്റ് ഡിവൈ.എസ്.പിയായിരുന്ന വി. അജിത് രജിസ്റ്റര്‍ ചെയ്ത കേസില്‍ ഡിവൈ.എസ്. പിമാരായിരുന്ന പി.ഡി. രാധാകൃഷ്ണപിള്ള, വി.എന്‍. സജി എന്നിവര്‍ അന്വേഷണം നടത്തുകയും ഡിവൈ.എസ്.പിയുടെ ചുമതല വഹിച്ചിരുന്ന റെജി എബ്രഹാം കുറ്റപത്രം സമര്‍പ്പിക്കുകയും ചെയ്തു. ശിക്ഷ ഒന്നിച്ച് അനുഭവിച്ചാല്‍ മതിയെന്ന് വിധി ന്യായത്തില്‍ പറയുന്നു. പ്രോസിക്യൂഷന് വേണ്ടി വിജിലന്‍സ് പബ്ലിക് പ്രോസിക്യൂട്ടര്‍ വീണാ സതീശന്‍ ഹാജരായി.