തിരുവനന്തപുരം: മൈക്രോഫിനാന്‍സ് തട്ടിപ്പ് കേസില്‍ എസ്.എന്‍.ഡി.പി. യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ വിജിലന്‍സ് ചോദ്യം ചെയ്തു. പിന്നോക്ക വികസന കോര്‍പ്പറേഷനില്‍ നിന്ന് മൈക്രോഫിനാന്‍സ് പദ്ധതിക്കായി എടുത്ത പണത്തില്‍ ക്രമക്കേട് നടന്നുവെന്ന ആരോപണത്തിലാണ് വിജിലന്‍സ് കൊച്ചി യൂണിറ്റ് അന്വേഷണം നടത്തുന്നത്.

കഴിഞ്ഞ ദിവസം കൊച്ചിയില്‍ വെച്ച് മുന്‍ എസ്.പി. ശശിധരന്റെ നേതൃത്വത്തിലുള്ള വിജിലന്‍സിന്റെ പ്രത്യേക സംഘമാണ് വെള്ളാപ്പള്ളി നടേശനെ ചോദ്യം ചെയ്തത്. കോടിക്കണക്കിന് രൂപ മൈക്രോഫിനാന്‍സ് പദ്ധതിക്കായി പിന്നോക്ക വികസന കോര്‍പ്പറേഷനില്‍ നിന്ന് വാങ്ങി എസ്.എന്‍.ഡി.പി. ശാഖകള്‍ വഴി വിതരണം ചെയ്തതില്‍ ക്രമക്കേടുണ്ടായെന്നാണ് കേസ്. ഈ പണം ഗുണഭോക്താക്കളില്‍ എത്തിയില്ലെന്നും തിരിച്ചടച്ചില്ലെന്നുമാണ് പ്രധാനമായും ഉന്നയിക്കപ്പെടുന്ന ആരോപണം.

മുന്‍ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്‍ തിരുവനന്തപുരം വിജിലന്‍സ് കോടതിയില്‍ നല്‍കിയ ഹര്‍ജിയെത്തുടര്‍ന്നാണ് മൈക്രോഫിനാന്‍സ് കേസില്‍ അന്വേഷണം ആരംഭിച്ചത്. ഇതുമായി ബന്ധപ്പെട്ട് 140 കേസുകളാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. കേസ് അന്വേഷിച്ചിരുന്ന എസ്.പി. ശശിധരന്‍ ക്രൈംബ്രാഞ്ചിലേക്ക് മാറിയെങ്കിലും, അദ്ദേഹത്തിന് തന്നെ അന്വേഷണം തുടരാന്‍ ഹൈക്കോടതി നിര്‍ദ്ദേശിക്കുകയായിരുന്നു.

അന്വേഷണം അന്തിമ ഘട്ടത്തിലാണെങ്കിലും, തട്ടിപ്പില്‍ വെള്ളാപ്പള്ളി നടേശന് പങ്കുള്ളതായി ഇതുവരെ തെളിവുകള്‍ ലഭിച്ചിട്ടില്ലെന്നാണ് ലഭിക്കുന്ന വിവരം. കേസിന്റെ തുടരന്വേഷണവും തുടര്‍ന്നുള്ള നിയമനടപടികളും നിര്‍ണായകമാകും.