തിരുവനന്തപുരം: രക്തദാനം നടത്തുന്ന 'ബ്ലഡ് ഡോണേഴ്‌സ് കേരള' എന്ന സംഘടനയുടെ സ്ഥാപകന്‍ വിനോദ് ഭാസ്‌കരന്‍ (47) അന്തരിച്ചു. കെഎസ്ആര്‍ടിസി ചങ്ങനാശ്ശേരി ഡിപ്പോയിലെ ബസ് കണ്ടക്ടറായ വിനോദ് ഭാസ്‌കരന്റെ ആശയമാണ് ബ്ലഡ് ഡോണേഴ്‌സ് കേരള എന്ന സൗജന്യ രക്തദാനസേനക്ക് തുടക്കമിട്ടത്. ലക്ഷക്കണക്കിന് രോഗികള്‍ക്ക് ആശ്വാസമായി ഇത് മാറി. രക്തദാനം എന്ന മഹത്തായ പ്രവര്‍ത്തനത്തിന് നവമാധ്യമ സാധ്യതകള്‍പ്രയോജനപ്പെടുത്തുക എന്ന ആശയത്തിന് തുടക്കമിട്ടതും ബ്ലഡ് ഡോണേഴ്സ് കേരള സ്ഥാപകന്‍ വിനോദ് ഭാസ്‌കരനാണ്.

2011 ല്‍ സോഷ്യല്‍ മീഡിയയുടെ സഹായത്തോടെ നമ്മുടെ സമൂഹത്തില്‍ സാമൂഹിക മാറ്റം കൊണ്ടുവരുന്നതിനായി 'വി ഹെല്‍പ്പ്' എന്ന പേരില്‍ ഒരു ഫെയ്‌സ് ബുക്ക് പേജ് വിനോദ് ആരംഭിച്ചു. പിന്നീട് ആശുപത്രികളിലെ രക്തത്തിന്റെ അനന്തമായ ആവശ്യകത കണ്ടപ്പോള്‍, കേരളത്തിലെ ആശുപത്രികളിലും പരിസരങ്ങളിലും നടക്കുന്ന അസംഘടിത രക്ത ആവശ്യകതകളെ സഹായിക്കാനും നയിക്കാനുമായി 2014 ല്‍ ബ്ലഡ് ഡോണേഴ്‌സ് കേരള സ്ഥാപിച്ചു. ചുരുങ്ങിയ സമയത്തിനുള്ളില്‍, കേരളത്തിലെ നിരവധി ആളുകളുടെ പ്രിയപ്പെട്ട രക്തദാന ചാനലായി ബിഡികെ മാറി. ബിഡികെ ഇപ്പോള്‍ കേരളം, യുഎഇ, കുവൈറ്റ് എന്നിവിടങ്ങളില്‍ വ്യാപിച്ചുകിടക്കുന്ന ഒരു രജിസ്റ്റര്‍ ചെയ്ത ചാരിറ്റബിള്‍ ട്രസ്റ്റാണ്.

കരള്‍ രോഗത്തിന് എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം. സംസ്‌കാരം പിന്നീട് നടത്തും. ചങ്ങനാശേരി പുഴവാത് മന്ദാരമംഗലം വീട്ടില്‍ ഭാസ്‌കരന്‍ ഗോമതിയമ്മ ദമ്പതികളുടെ മകനാണ്. ഭാര്യ: ഉഷ. മക്കള്‍: അനഘ, ആദിത്യന്‍, ആദര്‍ശ്. സഹോദരങ്ങള്‍: മനോജ്, സിനോജ്, ജിനോഷ്.

താങ്ങാന്‍ പറ്റുന്നതിനേക്കാള്‍ വലിയ നഷ്ടമാണ് ഉണ്ടായതെന്ന് ബ്ലഡ് ഡോണേഴ്‌സ് കേരള സ്ഥാപകാംഗങ്ങളില്‍ ഒരാളായ വിനോദ് ബാബു അനുസ്മരിച്ചു. എല്ലാ സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ക്കും മുന്നിട്ടിറങ്ങുന്ന ആളായിരുന്നു അദ്ദേഹം. എല്ലാവരെയും സഹായിക്കുന്ന മനസായിരുന്നു വിനോദ് ഭാസ്‌കരനെന്നും വിനോദ് ബാബു പറഞ്ഞു.