മലപ്പുറം: വിസ വാഗ്ദാനം ചെയ്ത് പണം തട്ടിയ കേസിൽ വർഷങ്ങളായി ഒളിവിൽ കഴിഞ്ഞിരുന്ന പ്രതിയെ പരപ്പനങ്ങാടി പോലീസ് മാഹിയിൽ നിന്ന് പിടികൂടി. കണ്ണൂർ പിണറായി സ്വദേശി ഇമ്രാൻ (25) ആണ് പിടിയിലായത്. സ്ലോവാക്യയിൽ ജോലി വാഗ്ദാനം ചെയ്ത് പരപ്പനങ്ങാടി സ്വദേശി ഹർഷിദിൽ നിന്ന് 20,000 രൂപയും മറ്റ് രണ്ട് സുഹൃത്തുക്കളിൽ നിന്നായി 40,000 രൂപയുമാണ് ഇയാൾ തട്ടിയെടുത്തത്. 2022-ലാണ് സംഭവം നടന്നത്.

വ്യാപകമായ അന്വേഷണത്തിനൊടുവിലാണ് പ്രതി മാഹിയിൽ ഹോട്ടൽ ബിസിനസ് നടത്തുന്നു എന്ന വിവരം പോലീസിന് ലഭിച്ചത്. തുടർന്ന്, അന്വേഷണ സംഘം സ്ഥലത്തെത്തി നടത്തിയ നീക്കങ്ങളിലൂടെ കഴിഞ്ഞ ദിവസം മാഹിയിൽ നിന്ന് പ്രതിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. വിസ സംഘടിപ്പിച്ചു കൊടുക്കുകയോ പണം തിരികെ നൽകുകയോ ചെയ്യാതെ കബളിപ്പിച്ചു എന്നതാണ് ഇയാൾക്കെതിരെയുള്ള കേസ്. ബാങ്ക് ഇടപാടുകൾ വഴിയാണ് പ്രതി പണം കൈപ്പറ്റിയതെന്ന് കണ്ടെത്തുകയായിരുന്നു.

ജില്ലാ പോലീസ് മേധാവിയുടെ നിർദ്ദേശപ്രകാരം പ്രതിയെക്കുറിച്ച് അന്വേഷണം ഊർജ്ജിതമാക്കിയിരുന്നു. വിവിധ സ്ഥലങ്ങളിൽ വാടക വീടുകളിൽ മാറി മാറി താമസിച്ചുവരികയായിരുന്നു പ്രതി. പോലീസ് ചോദ്യം ചെയ്തതിൽ ഇമ്രാൻ കുറ്റം സമ്മതിച്ചതായും മൊഴി രേഖപ്പെടുത്തിയതായും അധികൃതർ അറിയിച്ചു. എസ്.എച്ച്.ഒ വിനോദ് വലിയാട്ടൂർ, എസ്.ഐ വി. ജയൻ, എസ്.സി.പി.ഒ. സാൻ സോമൻ എന്നിവർ അന്വേഷണ സംഘത്തിന് നേതൃത്വം നൽകി.