കാഞ്ഞങ്ങാട്: കാസര്‍കോട് ജില്ലയിലെ സ്‌കൂള്‍ വിദ്യാര്‍ഥികളില്‍ കാഴ്ചവൈകല്യം വര്‍ധിക്കുന്നു. ദേശീയ ആയുഷ് മിഷന്റെ കീഴിലുള്ള ദൃഷ്ടി പദ്ധതിവഴി നടത്തിയ 16 ക്യാംപുകളില്‍നിന്നു മാത്രമായി 144 കുട്ടികളിലാണ് കാഴ്ച വൈകല്യം കണ്ടെത്തിയത്. പരിശോധനയില്‍ ജില്ലയിലെ കുട്ടികള്‍ക്ക് പത്ത് ഇരട്ടിയിലേറെ വേഗത്തില്‍ കാഴ്ച കുറവ് സംഭവിക്കുന്നതായി കണ്ടെത്തി. പരിശോധനയ്ക്ക് വിധേയമായ കുട്ടികളില്‍ ഏഴില്‍ ഒരാള്‍ക്കെങ്കിലും കാഴ്ചക്കുറവുണ്ടെന്നാണ് കണ്ടെത്തല്‍.

ഓഗസ്റ്റ് മുതല്‍ ആരംഭിച്ച പദ്ധതിയുടെ പ്രവര്‍ത്തനങ്ങള്‍ കാസര്‍കോട് മുന്‍സിപ്പാലിറ്റിയിലും പഞ്ചായത്തുകളിലെ സ്‌കൂളുകളിലുമായി പുരോഗമിക്കുന്നതിനിടെയാണ് ഞെട്ടിക്കുന്ന കണക്കുകള്‍ പുറത്തുവരുന്നത്. മുന്‍പ് ഈ കുട്ടികളില്‍ 12 പേര്‍ക്ക് മാത്രമായിരുന്നു കാഴ്ചയെ ബാധിക്കുന്ന സാഹചര്യങ്ങള്‍ ഉണ്ടായിരുന്നത്. തിമിരം, റെറ്റിനോപ്പതി, ഗ്ലോക്കോമ തുടങ്ങിയവ ബാധിച്ച 14 കുട്ടികളെയും പരിശോധനയില്‍ കണ്ടെത്തി. ആകെ 784 വിദ്യാര്‍ഥികളിലാണ് പരിശോധന നടത്തിയത്.

അമിതമായ ഫോണ്‍, ടിവി ഉപയോഗം, ജങ്ക് ഫുഡ്, മധുരപലഹാരങ്ങള്‍, എണ്ണയില്‍ വറുത്ത ആഹാരങ്ങള്‍, കാര്‍ബണേറ്റഡ് ഡ്രിങ്ക്സ് തുടങ്ങിയവയുടെ അമിത ഉപയോഗം, ആവശ്യമായ വെള്ളം കുടിക്കാതിരിക്കുന്നത്, സമയം തെറ്റിയുള്ള ആഹാരം, കൃത്യമായ പോഷകങ്ങള്‍ ഉള്ള ആഹാരങ്ങളുടെ അഭാവം, വ്യായാമമില്ലായ്മ, പകലുറക്കം, രാത്രി ഉറങ്ങാന്‍ വൈകുന്നത് ഒക്കെ ഈ കാഴ്ച വൈകല്യങ്ങള്‍ക്കും കണ്ണിലെ മറ്റ് അസുഖങ്ങള്‍ക്കും കാരണമാണെന്നാണ് ഡോക്ടര്‍മാരുടെ വിശദീകരണം.

കാഴ്ച വൈകല്യങ്ങള്‍ കണ്ട കുട്ടികളില്‍ വലിയ ശതമാനം പേരും മണിക്കൂറുകളോളം ഫോണ്‍ ഉപയോഗം ഉള്ളവര്‍ ആണെന്ന് കണ്ടെത്തി. മിക്കവരിലും മലബന്ധം, വിശപ്പില്ലായ്മ മുതലായ വയര്‍ സംബന്ധമായ അസുഖങ്ങള്‍ ഉള്ളതായും കണ്ടെത്തിയിട്ടുണ്ട്.