വിഴിഞ്ഞം: ശനിയാഴ്ച വൈകീട്ട് വിഴിഞ്ഞം തീരത്ത് ശക്തമായ തിരയിൽപ്പെട്ട് എൻജിൻ ഇളകി കടലിൽ താഴ്ന്ന മത്സ്യബന്ധന വള്ളത്തിലെ മൂന്ന് തൊഴിലാളികളെ കോസ്റ്റൽ പോലീസ് സാഹസികമായി രക്ഷപ്പെടുത്തി. വൈകീട്ട് 5.30-ഓടെയാണ് അപകടം നടന്നത്.

വിഴിഞ്ഞം ടൗൺഷിപ്പ് മേഖലയിൽനിന്ന് മീൻപിടിക്കാൻ പോയ മുഹമ്മദ് ഇസ്മായിൽ (61), മുജീബ് റഹ്‌മാൻ (37), ആദം കരീം (60) എന്നിവരാണ് അപകടത്തിൽപ്പെട്ടത്. സിറാജുദീൻ എന്നയാളുടെ ഉടമസ്ഥതയിലുള്ള വള്ളമാണ് നിയന്ത്രണം നഷ്ടപ്പെട്ട് ഒഴുകി താഴ്ന്നത്.

അപകടത്തിൽപ്പെട്ടതോടെ മത്സ്യത്തൊഴിലാളികൾ വിഴിഞ്ഞം കോസ്റ്റൽ പോലീസിന്റെ സഹായം തേടി. വിവരം ലഭിച്ച ഉടൻ എസ്.എച്ച്.ഒ. വിപിന്റെ നിർദേശത്തെത്തുടർന്ന് എസ്.ഐ. ജോസ്, കോസ്റ്റൽവാർഡൻ സാദിഖ്, സ്രാങ്ക് അഹമ്മദ് കണ്ണ് എന്നിവരുടെ നേതൃത്വത്തിലുള്ള പട്രോളിങ് സംഘം സ്ഥലത്തേക്കെത്തി. കടലിൽ ഒഴുകി നടന്ന വള്ളവും അതിലുണ്ടായിരുന്ന തൊഴിലാളികളെയും സംഘം കണ്ടെത്തുകയും കയർകെട്ടി സുരക്ഷിതമായി കരയ്‌ക്കെത്തിക്കുകയും ചെയ്തു.