- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'വീഡിയോ ചെയ്യാനുള്ള ഓർഡറും ഒരു വർഷത്തേക്ക് പരസ്യത്തിനായി മൂന്ന് ലക്ഷം രൂപയും'; കോട്ടക്കൽ ആര്യവൈദ്യശാലയിൽ കയറി ഭീക്ഷണി; വ്‌ളോഗർ അറസ്റ്റിൽ
മലപ്പുറം: കോട്ടക്കൽ ആര്യവൈദ്യശാലയിൽ അതിക്രമിച്ച് കയറി വീഡിയോ ദൃശ്യങ്ങൾ കാണിച്ച് ഭീക്ഷണിപ്പെടുത്തിയ കേസിൽ വ്‌ളോഗർ അറസ്റ്റിൽ. സ്ഥാപനത്തിന്റെ പരസ്യം നൽകാനുള്ള അനുമതി നൽകിയില്ലെങ്കിൽ വീഡിയോ ദൃശ്യങ്ങൾ പ്രചരിപ്പിക്കുമെന്നും ഭീഷണിപ്പെടുത്തി 3 ലക്ഷം രൂപ ആവശ്യപ്പെടുകയും ചെയ്തു. സംഭവത്തിൽ ആലപ്പുഴ പുറക്കാട് ദേവസ്വം പുതുവൻ ഹൗസിൽ അഖിലേഷിനെയാണ് (37) ഇൻസ്‌പെക്ടർ വിനോദ് വലിയാട്ടൂർ അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ മെയ് 21നാണ് കസിനാസ്പദമായ സംഭവം. അഖിലേഷ് രാമ ചൈതന്യ എന്ന് പരിചയപ്പെടുത്തിയായിരുന്നു പ്രതി പി.ആർ.ഒ ഓഫീസിൽ എത്തിയത്. കൂടാതെ 'വ്യൂ പോയന്റ് ആലപ്പുഴ' യൂട്യൂബ് ചാനലിലെ ജീവനക്കാരനാണെന്നും പറഞ്ഞ ഇയാൾ ആര്യവൈദ്യശാലയുടെ സൽപ്പേരിന് കളങ്കം വരുത്തുന്ന തരത്തിലുള്ള വീഡിയോ ദൃശ്യങ്ങൾ പി.ആർ.ഒയ്ക്ക് കാണിച്ചു കൊടുത്തു.
ശേഷം സ്ഥാപനത്തെക്കുറിച്ച് വീഡിയോ ചെയ്യാനുള്ള ഓർഡറും ഒരു വർഷത്തേക്ക് പരസ്യത്തിനായി മൂന്ന് ലക്ഷം രൂപയും നൽകണമെന്ന് ആവശ്യപ്പെട്ടു. ഇല്ലെങ്കിൽ ദൃശ്യങ്ങൾ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി.
തുടർന്ന് പൊലീസിന് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിൽ തൃപ്പൂണിത്തുറയിൽ നിന്നാണ് പ്രതിയെ പിടികൂടിയത്. കൊടുങ്ങല്ലൂർ, ആളൂർ സ്റ്റേഷനുകളിലും ഇയാൾക്കെതിരെ കേസുകളുണ്ടെന്ന് പോലീസ് അറിയിച്ചു. എസ്.ഐ വിമൽ, സി.പി.ഒ അജീഷ് എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.