ആലപ്പുഴ: മണ്ണഞ്ചേരി ബ്ലോക്ക് ഡിവിഷനിൽ എസ്‌ഡിപിഐ സ്ഥാനാർത്ഥിയെ വിജയിപ്പിക്കാൻ കോൺഗ്രസ് വോട്ടുകൾ മറിച്ചെന്നാരോപിച്ച് നടന്ന ചർച്ച കൈയാങ്കളിയിൽ കലാശിച്ചു. ബുധനാഴ്ച രാത്രി എട്ടോടെ നേതാജി മണ്ഡലം കോൺഗ്രസ് കമ്മിറ്റി ഓഫീസിൽ വെച്ചുണ്ടായ സംഘർഷത്തിൽ, മാരാരിക്കുളം ബ്ലോക്ക് കോൺഗ്രസ് മുൻ പ്രസിഡന്റും ചെന്നിത്തല പക്ഷക്കാരനുമായ എൻ. ചിദംബരന് കസേരയേറിൽ തലയ്‌ക്ക് പരിക്കേറ്റു. നെറ്റിയിൽ മുറിവേറ്റ ഇദ്ദേഹത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

വേണുഗോപാൽ പക്ഷക്കാരനായ വാർഡ് പ്രസിഡന്റാണ് കസേരയെറിഞ്ഞതെന്ന് ചെന്നിത്തല വിഭാഗം ആരോപിച്ചു. മണ്ണഞ്ചേരി ബ്ലോക്ക് ഡിവിഷനിലെ സിറ്റിങ് സീറ്റിൽ കോൺഗ്രസ് സ്ഥാനാർത്ഥി ആഷിക് ആശാൻ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ട സാഹചര്യത്തിലാണ് ഈ ആരോപണം ഉയർന്നത്. നാല്, 20 വാർഡുകളിൽ കോൺഗ്രസ് വോട്ടുകൾ എസ്‌ഡിപിഐക്ക് മറിച്ചെന്ന് ഒരു വിഭാഗം യോഗത്തിൽ ഉന്നയിക്കുകയും, ഇതുസംബന്ധിച്ച് ആഷിക് ആശാൻ പരാതി നൽകിയിരുന്നു.

മണ്ണഞ്ചേരിയിലെ പഞ്ചായത്ത് വാർഡുകളിലുണ്ടായ പരാജയത്തിന് കാരണം വേണുഗോപാൽ പക്ഷക്കാരാണെന്ന് ചെന്നിത്തല വിഭാഗം ആരോപിച്ചതോടെയാണ് വാക്കേറ്റവും അസഭ്യവർഷവും പിന്നീട് ഏറ്റുമുട്ടലുമായി മാറിയത്. നാലാം വാർഡിൽ മഹിളാ കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് പി.എ. സബീനയും, ആറാം വാർഡിൽ ജില്ലാ സെക്രട്ടറി നദീറ ബഷീറും, 20-ാം വാർഡിൽ കോൺഗ്രസ് മുൻ മണ്ഡലം പ്രസിഡന്റ് കെ.എച്ച്. മജീദും പരാജയപ്പെട്ടിരുന്നു. ഇവരുടെ തോൽവിക്ക് പിന്നിൽ വേണുഗോപാൽ ഗ്രൂപ്പാണെന്നായിരുന്നു ചെന്നിത്തല വിഭാഗത്തിന്റെ പ്രധാന ആക്ഷേപം.

എന്നാൽ, എട്ടാം വാർഡിലെ വിജയത്തിനായി മണ്ഡലം പ്രസിഡന്റ് ജോയിയും, ഇതേ വാർഡിലെ താമസക്കാരനായ ബ്ലോക്ക് പ്രസിഡന്റ് ചന്ദ്രബോസും പ്രവർത്തിച്ചില്ലെന്ന് വേണുഗോപാൽ പക്ഷം തിരിച്ചടിച്ചു. ഇരുവരും ചെന്നിത്തല പക്ഷക്കാരാണെന്നതും തർക്കത്തിന് ആക്കം കൂട്ടി. യു.ഡി.എഫ് ബ്ലോക്ക് കൺവീനർ പി. തമ്പി ഉൾപ്പെടെയുള്ള കോൺഗ്രസ് നേതാക്കൾ പങ്കെടുത്ത യോഗമാണ് കടുത്ത വാക്കുതർക്കത്തിലും കൈയാങ്കളിയിലും കലാശിച്ചത്.