തൃശൂർ: കണ്ടാണശ്ശേരി ഗ്രാമപഞ്ചായത്തിലെ ആളൂർ- കണ്ടിയൂർ പാടത്ത് റോഡരികിലെ കാനയിൽ മാലിന്യം തള്ളിയവരെ ആരോഗ്യവകുപ്പ് കണ്ടെത്തി. മാലിന്യക്കൂമ്പാരത്തിൽനിന്ന് ലഭിച്ച കൊറിയർ കവറിലെ വിലാസം പിന്തുടർന്നാണ് പ്രതികളെ തിരിച്ചറിഞ്ഞത്. ഇവർക്കെതിരെ നിയമനടപടികൾ സ്വീകരിക്കുമെന്ന് അധികൃതർ അറിയിച്ചു.

ഭക്ഷണാവശിഷ്ടങ്ങൾ, പച്ചക്കറി മാലിന്യം, പ്ലാസ്റ്റിക് വസ്തുക്കൾ, കുട്ടികളുടെ പാമ്പേഴ്സ് എന്നിവ ചാക്കിൽ കെട്ടിയ നിലയിലാണ് കാനയിൽ തള്ളിയിരുന്നത്. ആരോഗ്യവകുപ്പ് ജീവനക്കാർ നടത്തിയ പരിശോധനയിലാണ് കൊറിയർ കവർ കണ്ടെത്തിയത്. കവറിലെ വിലാസം കണ്ടാണശ്ശേരിയിലെ ഒരു വീട്ടിലേതാണെന്ന് ബോധ്യപ്പെട്ടതോടെയാണ് മാലിന്യം തള്ളിയവരെ കണ്ടെത്താനായത്.

ഈ വീട്ടുകാർ മുൻപ് പ്ലാസ്റ്റിക് കൂട്ടിയിട്ട് കത്തിച്ച സംഭവത്തിലും പഞ്ചായത്തിൽ പിഴ അടക്കാൻ നിർദേശം നൽകിയിട്ടുണ്ട്. കണ്ടെത്തിയ തെളിവുകളുടെ അടിസ്ഥാനത്തിൽ ശക്തമായ നിയമനടപടികൾ സ്വീകരിക്കുമെന്ന് പൊതുജനാരോഗ്യ വിഭാഗം മേധാവി ഡോ. കെ.പി. ചിന്ത അറിയിച്ചു. പഞ്ചായത്തിൻ്റെ വിവിധ പ്രദേശങ്ങളിൽ മാലിന്യ നിക്ഷേപം നടത്തുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് പഞ്ചായത്ത് പ്രസിഡണ്ട് എം.പി. സജീപ് വ്യക്തമാക്കി.

പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ- ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷൻ വി.വി.തിലകൻ, വാർഡ് മെമ്പർ ജോൺ കാക്കശ്ശേരി, ഹെൽത്ത് ഇൻസ്പെക്ടർ എൻ.എഫ്. ജോസഫ്, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ സി. ബിഞ്ചു ജേക്കബ്, ജൂനിയർ പബ്ലിക് ഹെൽത്ത് നെഴ്സ് കെ.വി. വിനീത എന്നിവരടങ്ങിയ സംഘമാണ് പരിശോധനകൾക്ക് നേതൃത്വം നൽകിയത്.