പാല: ലാപ്‌ടോപ്പ് ഓൺലൈനായി ഓർഡർ ചെയ്ത പാല സ്വദേശിയായ യുവാവിന് ലഭിച്ചത് കവറിൽ പൊതിഞ്ഞ കല്ലും തുണിയും. ഡോൺ എന്ന യുവാവാണ് ഓൺലൈൻ തട്ടിപ്പിന് ഇരയായത്. 56,000 രൂപ വിലമതിക്കുന്ന ലാപ്‌ടോപ്പാണ് യുവാവ് ഓർഡർ ചെയ്തിരുന്നത്.

ഫെബ്രുവരി 12-നാണ് ഡോൺ ഒരു പ്രമുഖ ഓൺലൈൻ സൈറ്റിലൂടെ ലാപ്‌ടോപ്പ് ഓർഡർ ചെയ്തത്. ആറ് ദിവസത്തിന് ശേഷം സാധനം ഡെലിവറി ചെയ്തപ്പോഴാണ് തട്ടിപ്പ് തിരിച്ചറിഞ്ഞത്. പാഴ്സൽ ഓപ്പൺ ബോക്സ് ഡെലിവറി അല്ലാതിരുന്നതിനാൽ, സാധനം കൈപ്പറ്റുന്ന സമയത്ത് ഡോണിന് പാക്കറ്റ് തുറന്ന് പരിശോധിച്ചിരുന്നില്ല.

പിന്നീട് വീട്ടിലെത്തി പാഴ്സൽ തുറന്നുനോക്കിയപ്പോഴാണ് ലാപ്‌ടോപ്പിന് പകരം കവറിനുള്ളിൽ കല്ലും തുണിയുമായിരുന്നുവെന്ന് മനസ്സിലായത്. ഈ വിവരം ഓൺലൈൻ ഏജൻസിയെ അറിയിച്ചപ്പോൾ, സംഭവം അന്വേഷിക്കാമെന്ന മറുപടിയാണ് ലഭിച്ചതെന്ന് ഡോൺ പറയുന്നു.