വെഞ്ഞാറമ്മൂട്: ക്ഷേത്രമുറ്റത്ത് ഉത്സവത്തിന്റെ ആവേശം, സ്റ്റേജിൽ ഗാനമേളയ്ക്കുള്ള ഒരുക്കങ്ങൾ. എന്നാൽ കാണികളിൽ ഭൂരിഭാഗവും മൊബൈൽ ഫോണിലേക്ക് കണ്ണുംനട്ടിരിക്കുന്നു. കാരണം മറ്റൊന്നുമല്ല, കൊൽക്കത്തയിൽ വെസ്റ്റിൻഡീസിനെതിരെ തിരുവനന്തപുരത്തിന്റെ സ്വന്തം സഞ്ജു സാംസൺ ബാറ്റിങ് വെടിക്കെട്ട് നടത്തുകയാണ്. യുവാക്കളുടെ ക്രിക്കറ്റ് കമ്പം തിരിച്ചറിഞ്ഞതോടെ ക്ഷേത്രക്കമ്മിറ്റിയും ഒപ്പം കൂടി. പിന്നെയെല്ലാം പെട്ടെന്നായിരുന്നു. ഗാനമേളയ്ക്കായി സജ്ജീകരിച്ച വൻ എൽഇഡി സ്ക്രീനിൽ ഇന്ത്യ-വെസ്റ്റിൻഡീസ് മത്സരം തത്സമയം തെളിഞ്ഞു.

വെഞ്ഞാറമ്മൂട് കാവറ ഭഗവതി ക്ഷേത്രത്തിലെ ഉത്സവപ്പറമ്പാണ് ക്രിക്കറ്റ് ഗാലറിയായി മാറിയത്. യുവാക്കൾ കൂട്ടമായി ഇരുന്ന് ഫോണിൽ കളി കാണുന്നത് ശ്രദ്ധയിൽപ്പെട്ടതോടെയാണ് സ്ക്രീനിൽ കളി കാണിക്കാൻ തീരുമാനിച്ചത്. ഉടൻ തന്നെ ഒരു യുവാവിന്റെ ഫോണിൽ നിന്ന് സ്ക്രീനിലേക്ക് കണക്ഷൻ നൽകി. കാണികൾക്ക് ആവേശം കൂടാനായി സൗണ്ട് സിസ്റ്റം കൂടി കണക്ട് ചെയ്തതോടെ ഉത്സവപ്പറമ്പ് അക്ഷരാർത്ഥത്തിൽ സ്റ്റേഡിയമായി മാറി.

പ്രായമായവരും സ്ത്രീകളും കുട്ടികളുമടക്കം വലിയൊരു ജനക്കൂട്ടമാണ് സഞ്ജുവിന്റെ ബാറ്റിങ് ആസ്വദിക്കാൻ സ്ക്രീനിന് മുന്നിൽ തടിച്ചുകൂടിയത്. സഞ്ജുവിന്റെ ബാറ്റിൽ നിന്ന് ഫോറും സിക്സും പായുമ്പോഴെല്ലാം ഉത്സവപ്പറമ്പിൽ ആരവമുയർന്നു. 50 പന്തിൽ പുറത്താകാതെ 97 റൺസുമായി സഞ്ജു കളം നിറഞ്ഞപ്പോൾ അത് ചരിത്രവുമായി. ടി-20 ലോകകപ്പിൽ റൺ ചേസ് ചെയ്യുമ്പോൾ ഒരു ഇന്ത്യൻ താരത്തിന്റെ ഏറ്റവും ഉയർന്ന സ്കോറെന്ന നേട്ടവും സഞ്ജു സ്വന്തമാക്കി.

നാട്ടുകാരുടെ താൽപര്യം കണക്കിലെടുത്ത് പൂർണ്ണ പിന്തുണയോടെയാണ് സ്റ്റേജിലെ സ്ക്രീനിൽ ക്രിക്കറ്റ് പ്രദർശിപ്പിച്ചതെന്ന് ക്ഷേത്രം ഭാരവാഹികൾ പറഞ്ഞു. സഞ്ജുവിന്റെ റെക്കോർഡ് ഇന്നിങ്സ് അവസാനിക്കുന്നത് വരെ നാട്ടുകാരുടെ ആവേശം ഉത്സവപ്പറമ്പിൽ അലതല്ലി.