കാസർകോട്: കാസർകോട് ബേഡകം ചെമ്പക്കാട് ഭാര്യയ്ക്ക് നേരെ ആസിഡ് ആക്രമണം നടത്തിയ ഭർത്താവ് അറസ്റ്റിൽ. ബേഡകം ചെമ്പക്കാട് സ്വദേശി ജാനകി (54) യെ ആക്രമിച്ച ഭർത്താവ് രവി (59) യെ ബേഡകം പോലീസ് ആണ് പിടികൂടിയത്. ആസിഡ് ആക്രമണത്തിൽ ജാനകിക്കും ഇവരുടെ സഹായത്തിനെത്തിയ സഹോദരിയുടെ മകൻ സുരേഷ് ബാബുവിനും ഗുരുതരമായി പൊള്ളലേറ്റു.

പോലീസ് നൽകുന്ന വിവരമനുസരിച്ച്, വീട്ടുമുറ്റത്ത് പാത്രം കഴുകുകയായിരുന്ന ജാനകിയുടെ ദേഹത്തേക്ക് ആസിഡുമായി എത്തിയ രവി ഒഴിക്കുകയായിരുന്നു. ജാനകിയുടെ നിലവിളി കേട്ട് ഓടിയെത്തിയ സുരേഷ് ബാബുവിനും രവി ആസിഡ് ഒഴിച്ചു. സ്ഥിരം മദ്യപാനിയായ രവി വീട്ടിൽ വഴക്കുണ്ടാക്കുകയും മർദിക്കുകയും ചെയ്യുന്നത് പതിവായിരുന്നു. ഇതുമൂലം വീട്ടിൽ നിന്ന് രവിയെ മാറ്റി നിർത്തിയതിലുള്ള വൈരാഗ്യമാണ് ആക്രമണത്തിന് പിന്നിലെന്ന് പോലീസ് വ്യക്തമാക്കി. ആക്രമണസമയത്ത് രവി മദ്യലഹരിയിലായിരുന്നെന്നും പോലീസ് അറിയിച്ചു.