അട്ടപ്പാടി: ജനവാസമേഖലയിലെത്തുന്ന വന്യജീവികളും മനുഷ്യനും തമ്മിലുള്ള സംഘര്‍ഷങ്ങള്‍ ഇടതടവില്ലാതെ തുടരുകയാണ്. ഭീതിപടര്‍ത്തുന്ന വന്യജീവികളെ കാടുകയറ്റിക്കൊണ്ടേയിരിക്കുകയാണ് നാട്ടുകാരും വനംവകുപ്പും. അത്തരമൊരു സംഭവമാണ് അട്ടപ്പാടിയിലെ ഇടവാണി ഊരില്‍ കഴിഞ്ഞ ദിവസം നടന്നത്. ഊരിലെത്തിയ കരടിയാണ് പ്രദേശവാസികളെ അങ്കലാപ്പിലാക്കിയത്. പടക്കം പൊട്ടിച്ചതിന് പിന്നാലെ കാടുകയറിയെങ്കിലും പിന്നാലെ കരടി മടങ്ങിവന്നത് വനംവകുപ്പിനേയും പ്രതിസന്ധിയിലാക്കി.

കഴിഞ്ഞ പത്ത് ദിവസമായി കരടി ഇടവാണി ഊരിലുണ്ട്. ഊരിലെത്തിയ കരടി ഒരു പ്ലാവിലാണ് അന്തിയുറങ്ങിയത്. പിന്നാലെ കരടിയെ തുരത്താന്‍ പുതൂര്‍ വനം വകുപ്പെത്തി. വനം വകുപ്പ് ജീവനക്കാര്‍ കരടിയെ പടക്കം പൊട്ടിച്ച് കാട്ടിലേക്ക് തുരത്തുകയും ചെയ്തു.

എന്നാല്‍, പ്രദേശവാസികളുടെ ആശ്വാസത്തിന് മണിക്കൂറിന്റെ ദൈര്‍ഘ്യം മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഒരു മണിക്കൂറിന് ശേഷം കരടി ഊരിലെ പ്ലാവിലേക്ക് വീണ്ടും തിരിച്ചെത്തി. അതോടെ പ്രദേശവാസികള്‍ വീണ്ടും അങ്കലാപ്പിലായി. ഊരിലെ ഒരു പ്രത്യേക പ്ലാവാണ് കരടിയുടെ സ്ഥിരം വാസസ്ഥലം. അതിനാല്‍ ആ പ്ലാവില്‍ കരടി കയറാതിരിക്കാനുള്ള മാര്‍ഗം തേടുകയാണ് അധികൃതര്‍.

പത്ത് ദിവസമായി ഊരില്‍ പലര്‍ക്കും മുന്നില്‍ കരടി എത്തിയിരുന്നു. എന്നാല്‍ വിശ്രമം ഊരിലെ പ്ലാവിലാണെന്ന് ഇന്നലെയാണ് കണ്ടെത്തുന്നത്. പൂതൂരില്‍ നിന്നെത്തിയ വനംവകുപ്പ് സംഘം കരടിയെ പടക്കം പൊട്ടിച്ച് പ്ലാവില്‍ നിന്ന് താഴെയിറക്കി കാട് കയറ്റി. എങ്കിലും ഒരു മണിക്കൂറിന് ശേഷം കരടി ഊരിലെ പ്ലാവിലേക്ക് വീണ്ടും തിരിച്ചെത്തുകയായിരുന്നു. ആളുകള്‍ ബഹളം വച്ചും ചിലര്‍ കല്ലെറിഞ്ഞും കരടിയെ താഴെയിറക്കാന്‍ ശ്രമിക്കുന്ന ദൃശ്യങ്ങള്‍ ഇതിനോടകം പുറത്ത് വന്നിട്ടുണ്ട്.

ജൂലൈ മാസത്തില്‍ തിരുവനന്തപുരം വിതുര ബോണക്കാട് കരടിയുടെ ആക്രമണത്തില്‍ ഒരാള്‍ക്ക് പരിക്കേറ്റിരുന്നു. ബോണക്കാട് കാറ്റാടിമുക്ക് സ്വദേശി ലാലാ (58) യ്ക്കാണ് പരിക്കേറ്റത്. ലൈനിലെ ലാലായെ (58) ആണ് രണ്ട് കരടികള്‍ ആക്രമിച്ചത്. ലാലായെ അടിച്ച് നിലത്തിട്ട ശേഷം ഇടതുകാലിന്റെ മുട്ടിലും വലതു കൈയുടെ മുട്ടിലുമാണ് കടിച്ച് പരുക്കേല്‍പ്പിച്ചത്. 58കാരന്റെ നിലവിളി കേട്ട് വീട്ടുകാരും അയല്‍ക്കാരും ഓടിയെത്തിയപ്പോള്‍ കരടി ഓടി രക്ഷപ്പെടുകയായിരുന്നു.